ചെർക്കള
ബേവിഞ്ച വി കെ പാറ ദേശീയപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ തുടരുന്നു. ചെർക്കള– ചട്ടഞ്ചാൽ ദേശീയപാത റോഡ് വിണ്ടുകീറിയതിനെ തുടർന്ന് ചൊവ്വ രാവിലെ മുതൽ റോഡ് അടച്ചു. നിർമാണ കമ്പനിയായ മേഘ എൻജിനിയറിങ് അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്. പണികൾ തീരുന്നത് വരെ റോഡ് അടച്ചിടുന്നത് തുടരും. വാഹനങ്ങൾ ദേളി ചട്ടഞ്ചാൽ റൂട്ടിൽ തിരിച്ചുവിട്ടു. നിലവിൽ ചെറിയ വാഹനം മാത്രമെ ഇതുവഴി കടത്തിവിടുന്നുള്ളു.
ബേവിഞ്ച ദേശീയപാതയിൽ മുകൾ ഭാഗം 10 മീറ്റർ ഉയരത്തിലും താഴെ ഭാഗം പതിനഞ്ചോളം മീറ്ററും താഴെയുമാണ്. നിർമാണ കമ്പനിയുടെ അശാസ്‌ത്രീയ നിർമാണമാണ് ഇത്തരത്തിൽ യാത്രാഭീഷണിയുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. കനത്ത മഴയിലും ഈ ഭാഗത്ത് വലിയ രീതിയിൽ കുഴിയെടുത്തു. താഴെ ഭാഗത്ത് ഇരുന്നൂറോളം വീടുള്ള പ്രദേശമാണിത്. കയറ്റം കുറക്കാനാണ് ഇത്തരത്തിൽ നിർമാണം നടത്തിയത്. വെള്ളമൊഴുകാൻ നേരത്തെ നിരവധി കലുങ്കുകളുണ്ടായ റോഡുമാണിത്. നിലവിൽ വെള്ളം ഒഴുകാൻ ഇടമില്ലാത്തതാണ് മണ്ണിടിച്ചിൽ ഭീഷണിയുണ്ടായത്.
ബേവിഞ്ച കുണ്ടടുക്കം പ്രദേശത്തെ ജനങ്ങളാകെ ഭീതിയോടെയാണ് കഴിയുന്നത്. കുണ്ടടുക്കത്തിന് മുകൾഭാഗത്ത് ദേശീയപാതയ്‌ക്കായി ഇടിച്ചുതാഴ്‌ത്തിയ ഭാഗത്തെ മണ്ണ് പൂർണമായും താഴേക്ക് ഇട്ടിരിക്കുകയാണ്. ഇത് മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്നത് ഇവിടുത്തെ വീട്ടുമുറ്റത്തേക്ക് ഉൾപ്പെടെയാണ്. ഒപ്പം റോഡിന്റെ മൺതിട്ട ഉൾപ്പെടെ ഇടിഞ്ഞു താഴേക്ക് പതിക്കുമോയെന്ന ആശങ്കയും ഇവിടുത്തുകാർക്കുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..