25 December Wednesday

ചേർത്തുപിടിച്ച്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

വെടിക്കെട്ട്‌ അപകടമുണ്ടായ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ്‌ ക്ഷേത്രം സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിക്കുന്നു

 നീലേശ്വരം

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ്‌ ചികിത്സയിലിരിക്കെ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചത്‌ കുടുംബങ്ങൾക്ക്‌ ഏറെ ആശ്വാസമാവും.  
മരിച്ച ചോയ്യങ്കോട്‌ കിനാനൂർ റോഡിലെ സി സന്ദീപിന്റെയും കിനാനൂരിലെ രതീഷിന്റെയും മഞ്ഞളംകാട്ടെ ബിജുവിന്റെയും ചെറുവത്തൂർ തുരുത്തി ഓർക്കുളത്തെ ഷബിൻരാജിന്റെയും കുടുംബത്തിനാണ്‌ സഹായം പ്രഖ്യാപിച്ചത്‌.  മരിച്ച നാലുപേരും നിർധന കുടുംബാംഗങ്ങളാണ്‌. കുടുംബങ്ങളുടെ താങ്ങും തണലുമായിരുന്നു ഇവർ. പരിക്കേറ്റ 154 പേരുടെ ചികിത്സാ ചെലവുകൾ മുഴുവൻ സർക്കാർ നേരത്തെ ഏറ്റെടുത്തിരുന്നു. ബില്ലടക്കമുള്ള രേഖകൾ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക്‌ ഇ മെയിൽ ചെയ്‌താൽ ഉടൻ കലക്ടറേറ്റിൽ നിന്നും തക നൽകും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം തന്നെ കലക്ടറുടെ നേതൃത്വത്തിൽ ഉണ്ടാക്കി. എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം മംഗളൂരു അടക്കമുള്ള ആശുപത്രികളിൽ പോയി ചികിത്സയിലുള്ളവരെ കണ്ട്‌ പരാതി പരിഹരിച്ചു.
മംഗളൂരു, കാഞ്ഞങ്ങാട്‌, കണ്ണൂർ, കോഴിക്കോട്‌ എന്നീ ആശുപത്രികളിലാണ്‌ പൊള്ളലേറ്റവർ ചികിത്സയിലുള്ളത്‌. പൊള്ളൽ ചികിത്സ ഏറെ ചെലവുള്ളതും സങ്കീർണവുമാണ്‌. ഇപ്പോഴും 15 പേർ ഐസിയുവിലാണ്‌. വലിയ ചെലവുള്ള ഈ ചികിത്സയും സർക്കാർ ഏറ്റെടുത്തതിനാൽ, ബന്ധുക്കളുടെ കണ്ണീർ പാതി പരിഹരിച്ചു. ഇനിയും കണ്ണീർ തുടക്കാൻ സർക്കാരിനൊപ്പം ജനങ്ങളാകെ അണിനിരക്കേണ്ടതുണ്ട്‌. 
 
സഹായം നൽകാനുള്ള തീരുമാനം ഉചിതം: എൽഡിഎഫ്‌
കാസർകോട്‌
നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം സഹായധനം നൽകാനുള്ള സർക്കാർ തീരുമാനം  ഉചിതമാണെന്ന്‌ എൽഡിഎഫ്‌ ജില്ലാകൺവീനർ കെ പി സതീഷ്‌ ചന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു.  നേരത്തെ ആശുപത്രിയിലെ എല്ലാ ചികിത്സാചെലവുകളും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്‌. അപകടത്തിൽ മരിച്ച നിർധന കുടുംബങ്ങൾക്ക്‌ ഉടൻ സഹായം നൽകാനുള്ള സർക്കാരിന്റെ തീരുമാനം ഏറെ ആശ്വാസമുണ്ടാക്കുന്നതാണെന്നും പ്രസ്‌താവനയിൽ പറഞ്ഞു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top