07 November Thursday

കേസ്‌ ഇന്ന്‌ പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

 കാസർകോട്‌

നീലേശ്വരം വെടിക്കെട്ട്‌ അപകടത്തിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന  പ്രോസിക്യൂഷൻ ഹർജി വ്യാഴാഴ്‌ച വീണ്ടും ജില്ലാസെഷൻസ്‌ കോടതി പരിഗണിക്കും. ബുധനാഴ്‌ച കേസ്‌ പരിഗണിച്ചപ്പോൾ, പ്രതികൾ കുറ്റകരമായ അനാസ്ഥ കാട്ടിയതായി ഹർജിയിൽ ചൂണ്ടിക്കാട്ടി.
വ്യാഴാഴ്‌ച എല്ലാ പ്രതികളും കോടതിയിൽ നേരിട്ട്‌ ഹാജരാകണം. മൊത്തം ഒമ്പത്‌ പ്രതികളാണ്‌ കേസിലുള്ളത്‌. നിലവിൽ പുറത്തിറങ്ങിയ ക്ഷേത്ര കമ്മിറ്റി പ്രസഡന്റ്‌ പി കെ ചന്ദ്രശേഖരൻ, സെക്രട്ടറി കെ ടി ഭരതൻ എന്നിവർക്ക്‌ കോടതി നോട്ടീസയച്ചു. അവരും ജില്ലാ ജയിലിൽ റിമാൻഡിലുള്ള പടക്കം പൊട്ടിച്ച ഏഴാം പ്രതി പി രാജേഷും നേരിട്ട്‌ ഹാജരാകണം. നാലുപേർ മരിച്ച സാഹചര്യത്തിൽ ഭാരതീയ ന്യായസംഹിത പ്രകാരം കൊലപാതകക്കുറ്റം ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്‌.
സ്‌ഫോടകവസ്‌തു കൈകാര്യം ചെയ്യുമ്പോഴുള്ള ഗൗരവം ഉത്സവ കമ്മിറ്റിക്കാർ കാണിച്ചില്ലെന്ന്‌ ജില്ലാ ഗവ. പ്ലീഡർ പി വേണുഗോപാലൻ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. പടക്കം പൊട്ടിച്ചത്‌ ക്ഷേത്രത്തിന്‌ തൊട്ടരികിൽനിന്നാണ്‌. പടക്കം സൂക്ഷിച്ചതും പത്തുമീറ്റർ അരികിലുള്ള കെട്ടിടത്തിലും. ഇവിടത്തേക്ക്‌ പടക്കം തെറിച്ചുവീഴാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന്‌ സംഘാടകർക്ക്‌ അറിയാം. എന്നിട്ടും കടുത്ത അലംബാവമാണ്‌ ഇത്സവ നടത്തിപ്പുകാർ കാട്ടിയതെന്ന്‌ ഹർജിയിൽ പറഞ്ഞു. 
ഒളിവിലുള്ള അഞ്ചുപേർക്കായി അന്വേഷണം തുടരുകയാണെന്ന്‌ അന്വേഷക സംഘം അറിയിച്ചു. 
 
ആശുപത്രിയിൽ 81 പേർ
കാസർകോട്‌
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിൽ ഒരാഴ്‌ച പിന്നിട്ട വെടിക്കെട്ട്‌ അപകടത്തിൽ 81 പേർ ഒമ്പത്‌ ആശുപത്രിയിലായി ചികിത്സയിൽ തുടരുന്നു. ഇനിയും 15 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്‌. 154 പേർക്ക്‌ പരിക്കേറ്റ അപകടത്തിൽ നാലുപേരാണ്‌ മരിച്ചത്‌.
മംഗളൂരു എജെ ആശുപത്രിയിൽ ഒമ്പതുപേരും കണ്ണൂർ മിംസിൽ അഞ്ചും കോഴിക്കോട്‌ മിംസിൽ ഒരാളുമാണ്‌ ഐസിയുവിൽ ചികിത്സ തുടരുന്നത്‌.  
ആശുപത്രിയിലുള്ളവർ: 
മംഗളൂരു എ ജെ ആശുപത്രി 29, കണ്ണൂർ ആസ്‌റ്റർ മിംസ്‌ 26, കാഞ്ഞങ്ങാട്‌ ഐഷാൽ ആശുപത്രി 12, കണ്ണൂർ ബേബി മെമ്മോറിയൽ 6, കോഴിക്കോട്‌ മിംസ്‌ 3, കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ്‌ 2, കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി 1, മംഗളൂരു കെ എസ്‌ ഹെഗ്‌ഡേ 1, മംഗളൂരു ഫാദർ മുള്ളേഴ്‌സ്‌ 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top