രാജപുരം
പൂടംകല്ല് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. യാത്രക്കാർ വെയിലും മഴയുമേറ്റ് ബസ് കാത്തിരിക്കേണ്ട അവസ്ഥ.
കാഞ്ഞങ്ങാട് –- പാണത്തൂർ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായാണ് പൂടംകല്ല് ടൗണിലെ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രവും പൊളിച്ചു നീക്കിയത്. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പിനോ കള്ളാർ പഞ്ചായത്ത് ഭരണസമിതിക്കോ പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ കഴിഞ്ഞിട്ടില്ല.
സംസ്ഥാന പാതയുടെ ഒരു ഭാഗത്ത് പഞ്ചായത്ത് നിർമിച്ച കാത്തിരിപ്പ് കേന്ദ്രവും മറു ഭാഗത്ത് വ്യാപാരികൾ നിർമിച്ച് പഞ്ചായത്തിന് കൈമാറിയ കാത്തിരിപ്പ് കേന്ദ്രവുമായിരുന്നു. രണ്ടും പൊളിച്ചു നീക്കിയതോടെ ഇരു ഭാഗത്തേക്കും പോകുന്ന യാത്രക്കാർ പെരുവഴിയിലായി. നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങൾക്കായി ടൗണിനെ ആശ്രയിക്കുന്നത്.
പൂടംകല്ല് താലൂക്ക് ആശുപത്രി, പനത്തടി സഹകരണ ബാങ്ക് ഹെഡ് ഓഫീസ്, നിരവധി ഡോക്ടർമാർ, ലബോറട്ടറി, മരുന്ന് കടകൾ, മിനി സ്‌റ്റേഡിയം തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്.
യാത്രക്കാർ ബസ് കാത്തിരിക്കാൻ സ്വകാര്യ വ്യക്തികളുടെ കടവരാന്തയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. നൂറുകണക്കിന് രോഗികളാണ് താലൂക്ക് ആശുപത്രിയിൽ നിത്യവും എത്തുന്നത്. ഇതിൽ പ്രായമായവരും ചെറിയ കുട്ടികളുമുണ്ട്. ഇവരെല്ലാം റോഡരികിൽ കുത്തിരിയിരിക്കേണ്ട അവസ്ഥ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..