കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്ട് നടക്കുന്ന ജില്ലാ ഓണം ഫെയറിൽ മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളിലെ (എംസിആർസി) വിദ്യാർഥികൾ നിർമിച്ച ഉൽപന്നങ്ങളുടെ സ്‌റ്റാൾ ശ്രദ്ധയാകർഷിക്കുന്നു. മുളിയാർ, പെരിയ എംസിആർസികളിലെയും റോട്ടറി സ്‌പെഷ്യൽ സ്‌കൂളിലെയും വിദ്യാർഥികൾ നിർമിച്ച ഉൽപന്നങ്ങളാണ് വിൽപനയ്‌ക്കുള്ളത്.
എൻഡോസൾഫാൻ പുനരധിവാസ പദ്ധതി പ്രകാരം ഈ മേഖലയ്‌ക്കായി സ്ഥാപിച്ചവയാണ് എംസിആർസികൾ. വിവിധയിനം അച്ചാർ, ജാം, ഉപ്പിലിട്ടവ, മാറ്റ്, ഫിനോയിൽ, ടോയ്‌ലറ്റ് ക്ലീനർ, ഡിഷ് വാഷ്, ഹാൻഡ് വാഷ്, വാഷിങ് പൗഡർ, നോട്ടുബുക്ക് തുടങ്ങി വിവിധ ഉൽപന്നങ്ങൾ സ്‌റ്റാളുകളിലുണ്ട്. എംസിആർസികളിലെ കുട്ടികൾ തന്നെയാണ് സ്‌റ്റാൾ നിയന്ത്രിക്കുന്നത്. കലക്ടറുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി ആരംഭിച്ച തൊഴിലധിഷ്‌ഠിത പദ്ധതിയായ ഐലീഡ് പദ്ധതി പ്രകാരം നേരത്തെ പെട്ടിക്കടകളും പെരിയയിൽ കൈത്തറി യൂണിറ്റും ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മേളയിൽ എംസിആർസി സ്‌റ്റാൾ ഒരുക്കിയതെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ ആര്യ പി രാജ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..