18 October Friday

ജലബജറ്റ്‌ തയ്യാറാക്കിയ 
ആദ്യജില്ലയായി കാസർകോട്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

 കാസർകോട്‌

എല്ലാ തദ്ദേശ സ്ഥാപനങ്ങളും ജലബജറ്റ്‌ തയ്യാറാക്കിയ ആദ്യജില്ലയായി കാസർകോട്.
ജില്ലയിലെ 38 പഞ്ചായത്തിലും മൂന്ന് നഗരസഭകളിലും ആറ് ബ്ലോക്ക്‌ പഞ്ചായത്തിലും ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് ജലബജറ്റ് തയ്യാറാക്കിയത്. ജില്ലാ തലത്തിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച ജലബജറ്റ് ചൊവ്വ പകൽ രണ്ടിന് ഡിപിസി ഹാളിൽ  നവകേരളം കർമപദ്ധതി സംസ്ഥാന കോ ഓഡിനേറ്റർ ഡോ . ടി എൻ സീമ പ്രകാശിപ്പിക്കും.  കോഴിക്കോട് കേന്ദ്ര ജലവിഭവ വിനിയോഗ കേന്ദ്രത്തിന്റെ (സിഡബ്യുആർഡിഎം) സാങ്കേതിക നിർദേശത്തോടെയാണ് ജലബജറ്റ് രൂപപ്പെടുത്തിയത്.
ചെറുകിട ജലസേചന വകുപ്പ്  എക്സിക്യൂട്ടീവ് എൻജിനീയർ കൺവീനറായ ജില്ലാ തല സാങ്കേതിക സമിതിയും മേൽനോട്ടം വഹിച്ചു.
ജില്ലാ ജല സുരക്ഷ പ്ലാൻ തയ്യാറാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ജില്ലാ പഞ്ചായത്ത്‌ ജല ബജറ്റ് തയ്യാറാക്കിയത്. ജില്ലയിലെ നദികളുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ 10 വർഷത്തിന് ഇടയിലുണ്ടായ മഴയുടെ അളവ് ജില്ലയുടെ ജലലഭ്യതയായി കണക്കാക്കി. അതിനുപുറമെ ഗാർഹിക, കാർഷിക, മൃഗസംരക്ഷണ, വാണിജ്യ വ്യവസായ, വിനോദസഞ്ചാര മേഖലയിൽ ഉൾപ്പെടെ ഉപയോഗിച്ച വെള്ളത്തിന്റെ കണക്കുകൂടി പരിശോധിച്ചാണ്  തദ്ദേശ തലത്തിൽ ജലബജറ്റ്‌ തയ്യാറാക്കിയത്. ജലലഭ്യതയും ജല വിനിയോഗവും കണക്കാക്കി പ്രതിദിന ശരാശരി കണക്കാക്കിയാണ്  പഞ്ചായത്ത് തലത്തിൽ ബജറ്റ് തയ്യാറാക്കിയത്.  
പഞ്ചായത്തുകൾ തയ്യാറാക്കിയ ജല ബജറ്റ് ബ്ലോക്ക് തലത്തിൽ ക്രോഡീകരിച്ചിട്ടുണ്ട്. ബ്ലോക്ക് തലത്തിൽ ക്രോഡീകരിച്ച ജല ബജറ്റ് ജില്ലാതലത്തിൽ ക്രോഡീകരിച്ചാണ് ജില്ലാ പഞ്ചായത്ത് ജല ബജറ്റ് തയ്യാറാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top