ബേക്കൽ
ഒരാൾക്കും സംശയം തോന്നാത്ത വിധം പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ പള്ളിക്ക് സമീപത്തെ എം സി അബ്ദുൾ ഗഫൂർഹാജി(53)യെ തീര്‍ക്കാൻ സഹായിച്ചത് മര്‍മ്മ ചികിത്സയിലെ പഠനമെന്നാണ് പൊലീസിന്റെ സംശയം. പ്രതി കെ എച്ച് ഷമീന കൊച്ചിയിൽ അക്യുപങ്ചര്‍ കോഴ്സ് പഠിച്ചിട്ടുണ്ട്. ശരീരത്തിന് പുറത്ത് പരിക്കേൽപ്പിക്കാതെ ഒരാളെ കൊല്ലാൻ എന്തൊക്കെ ചെയ്യാമെന്ന് ഷമീന ഇതുവഴി പഠിച്ചിരിക്കാമെന്നാണ് അന്വേഷണസംഘം വിശ്വസിക്കുന്നത്. ഇതൊക്കെ തെളിയിക്കുകയാണ് അന്വേഷണസംഘത്തിനുള്ള വെല്ലുവിളി.
കൊലക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ കിട്ടാനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ബാര മീത്തൽ മാങ്ങാട്ടെ കെ എച്ച് ഷമീന(ജിന്നുമ്മ- 38), ഭർത്താവ് ഉളിയത്തടുക്ക നാഷണൽ നഗറിലെ ടി എം ഉബൈസ്(38), സഹായി പൂച്ചക്കാട് മുക്കൂട് ജീലാനി നഗറിലെ പി എം അസ്നിഫ(40), മധൂർ കൊല്യയിലെ ആയിഷ(50) എന്നിവരെ ചോദ്യം ചെയ്യാനും തെളിവെടുപ്പുകൾക്കുമായി കസ്റ്റഡിയിൽ കിട്ടാനാണ് ഡിസിആർബി ഡിവൈഎസ്‍പി കെ ജെ ജോൺസൺ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ത്രേട്ട്(രണ്ട്) കോടതിയിൽ അപേക്ഷ നൽകിയത്.
പ്രതികളെ ഹാജരാക്കാനായി കോടതി ജില്ലാ ജയിലിലേക്ക് പ്രൊഡക്ഷൻ വാറണ്ടയച്ചു. കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതിനാൽ പത്തുദിവസം കസ്റ്റഡിയിൽ കിട്ടണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം. പ്രതികൾ തട്ടിയെടുത്ത 596 പവൻ സ്വർണത്തിൽ 29 പവൻ മാത്രമാണ് കണ്ടെടുക്കാനായത്. കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ സ്വർണം വിൽപ്പന നടത്തിയ മറ്റ് ജ്വല്ലറികളിലും തെളിവെടുപ്പ് നടത്താനാകൂ. ഈ സ്വർണം കാസർകോട് ജില്ലയിലും പുറത്തുമുള്ള ജ്വല്ലറികളിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രതികൾ താമസിച്ച വീടുകളിലേക്കും സഹായിച്ച മറ്റുള്ളവരിലേക്കും അന്വേഷണം വിപുലീകരിക്കും.
ജിന്നുമ്മ കാഞ്ഞങ്ങാട്ടുനിന്ന് തട്ടിയത് 30 ലക്ഷം രൂപ
കാഞ്ഞങ്ങാട്
പ്രവാസി വ്യവസായി പൂച്ചക്കാട്ടെ സി എം അബ്ദുൾഗഫൂർ ഹാജിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബാര മീത്തൽ മാങ്ങാട്ടെ കെ എച്ച് ഷമീന (ജിന്നുമ്മ) മുമ്പ് നടത്തിയ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്.
കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയടക്കം നിരവധി പേരെ തേൻകെണിയിൽപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെന്നാണ് വിവരം. 2013ലാണ് പ്രവാസി കെണിയിലകപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച് ചൗക്കിയിലെ കെട്ടിടത്തിലേക്ക് വിളിക്കുകയും വിവസ്ത്രനാക്കി ഫോട്ടോയെടുക്കുകയും ചെയ്തു.
ഭർത്താവ് ഉബൈസിന്റെ സഹായത്തോടെയാണ് തട്ടിപ്പൊരുക്കിയത്. 30 ലക്ഷം രൂപ തട്ടിയ ശേഷം വീണ്ടും ഭീഷണിപ്പെടുത്തി. പ്രവാസിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ഷമീനയും ഉബൈസും അറസ്റ്റിലാകുകയും ചെയ്തു.
ജാമ്യത്തിലിറങ്ങിയ ശേഷവും ഇവർ തട്ടിപ്പ് തുടരുകയായിരുന്നു. പലരും മാനഹാനി ഭയന്നാണ് പരാതി നൽകാത്തത്. ഉദുമ സ്വദേശിയുടെ 16 പവൻ സ്വർണം തട്ടിയ കേസിലും ജിന്നുമ്മ പ്രതിയായിരുന്നു.
കൂടോത്രം നടത്തി സ്വർണ്ണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് ഷമീന നിരവധി കുടുംബങ്ങളെ തട്ടിപ്പിനിരകളാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..