16 December Monday

സെക്രട്ടറിയുടെ തലക്കടിച്ച്‌
കരാറുകാരനും സംഘവും

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2024

 

കാസർകോട്‌
വ്യാജ സർട്ടിഫിക്കറ്റ്‌ നിർമിച്ചുവെന്ന്‌ ആരോപിച്ച്‌ കീഴ്‌ജീവനക്കാരന്‌ മെമ്മൊ നൽകിയതിന്റെ പേരിൽ നഗരസഭയിലെ കരാറുകാരൻ തന്നെ മർദ്ദിച്ചതായി നഗരസഭാ സെക്രട്ടറി. തെറി വിളിച്ച്‌ തലക്കടിക്കുകയും കാൽമുട്ടുകൊണ്ട്‌ അടിയറ്റിന്‌ താഴെ ഇടിക്കുകയും ചെയ്‌തുവെന്ന്‌ സെക്രട്ടറി എം ജസ്റ്റിൻ പറഞ്ഞു. മർദ്ദിച്ചതിന്‌ പൊലീസിൽ പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.
മുസ്ലീം ലീഗിലെ തൊഴുത്തിൽ കുത്തിനെ തുടർന്ന്‌ നഗരസഭാ ഭരണം കുത്തഴിഞ്ഞ്‌ കിടക്കുകയാണ്‌. ഇതിനിടയിലാണ്‌ ന​ഗരസഭാ സെക്രട്ടറി തന്നെ കരാറുകാരുടെ വിളയാട്ടത്തെ കുറിച്ച്‌ പരാതിയുമായി രംഗത്തുവന്നത്‌. 
ക്വാർട്ടേഴ്‌സിലിട്ട്‌ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും കൂടെ വന്ന ആൾ നെഞ്ചത്ത്‌ പിടിച്ച്‌ തള്ളി ചുമലിൽ ഇടിച്ചതായും പരാതിയിൽ പറഞ്ഞു.
തർക്കം തളങ്കരയിലെ കെട്ടിടത്തിന്റെ പേരിൽ
തളങ്കരയിലുള്ള കെട്ടിടത്തിന്റെ രേഖയുമായി ബന്ധപ്പെട്ടാണ്‌ തർക്കം തുടങ്ങിയത്‌ എന്നറിയുന്നു. കെട്ടിടത്തിന്‌ സെക്രട്ടറി നൽകിയ ‘പാർഷ്യൽ ഒക്കുപ്പെൻസി’ സർട്ടിഫിക്കറ്റിന്‌ വിരുദ്ധമായി ‘കംപ്ലീഷൻ ഒക്കുപൻസി’നൽകിയതായും തന്റെ കള്ള ഒപ്പിട്ടാണ്‌ രേഖ തയ്യാറാക്കിയതെന്നും സെക്രട്ടറി ആരോപിക്കുന്നു. ഇതിന്റെ പേരിൽ കംപ്ലീഷൻ ഒക്കുപൻസി നൽകിയ കീഴ്‌ ജീവനക്കാരന്‌ സെക്രട്ടറി മെമ്മൊ നൽകി. മെമ്മൊ നൽകിയത്‌ ചോദ്യം ചെയ്‌താണ്‌ മർദ്ദനമുണ്ടായത്‌ എന്നുമാണ്‌ സെക്രട്ടറി പറയുന്നത്‌. ഔദ്യോഗിക തലത്തിൽ സ്വീകരിച്ച നടപടിയുടെ പേരിലുണ്ടായ ദുരവസ്ഥ നാട്ടുകാർ അറിയണമെന്നും നഗരസഭയിലെ സംശയാസ്‌പദമായ രേഖകളുടെ കോപ്പി താൻ സൂക്ഷിച്ചതായും സെക്രട്ടറി പറയുന്നു.
 
ദൃശ്യങ്ങൾ ചെയർമാന്റെ 
കാബിൻ സിസിടിവിയിൽ 
വെള്ളി വൈകിട്ട്‌ അഞ്ചരക്കാണ്‌ തന്നെ അക്രമിച്ചതെന്നും അതിന്റെ ദൃശ്യങ്ങൾ നഗരസഭാ ചെയർമാന്റെ കാബിനിലെ സിസിടിവി ദൃശ്യത്തിൽ കാണുമെന്നുമാണ്‌ സെക്രട്ടറി പറയുന്നത്‌. തന്നെ മർദ്ദിക്കുന്നതിന്‌ ജീവനക്കാര്‍ സാക്ഷികളാണ്‌. തനിക്ക്‌ ജീവഹാനി സംഭവിച്ചാൽ, അത്‌ നൂറുശതമാനവും കൊലപാതകമാകാമെന്നും സെക്രട്ടറിയുടെ പേരിൽ പ്രചരിക്കുന്ന സമൂഹ മാധ്യമ കുറിപ്പിൽ വിശദീകരിക്കുന്നു. 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top