മുള്ളേരിയ
കാറഡുക്ക ഫോറസ്റ്റ് സെക്ഷൻ പരിധിയിൽ കാടകത്ത് പകൽ സമയത്ത് പുലിയിറങ്ങി. കർമ്മംതോടി-കൊട്ടംകുഴി റോഡിലെ പട്ട്ളത്തുമൂല റോഡിന് സമീപത്താണ് രണ്ട് പുലികളെ കണ്ടത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ താൽക്കാലിക പിടിഎസ് ജീവനക്കാരി കൊട്ടംകുഴിയിലെ കെ ശാരദ പുലിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കർമംതോടിയിലെ ബ്ലോക്ക് ഓഫീസിലെ ജോലി കഴിഞ്ഞ് 12 ന് തിരിച്ചു വരികയായിരുന്നു ശാരദ. കല്ലളിക്കാൽ പിന്നിട്ട് വനമേഖലയോട് ചേർന്ന പട്ട്ളത്തുമൂല റോഡിന് സമീപത്ത് എത്തിയതും തൊട്ട് മുന്നിൽ രണ്ട് പുലി. പേടിച്ചരണ്ട ശാരദ സ്തംബ്ദായി നിന്നു. പുലി ഒരു നിമിഷം നിന്ന് നോക്കിയ ശേഷം കാട്ടിലേക്ക് പോയി.പിറകെ വന്ന നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല.
കഴിഞ്ഞ കുറെ മാസങ്ങളായി കാടകം പ്രദേശത്ത് പുലി കറങ്ങി നടക്കുന്നുണ്ട്. മുമ്പൊക്കെ രാത്രിയിൽ മാത്രമായിരുന്നു പുലിയുടെ സഞ്ചാരം. എന്നാൽ പകലും പുലി ഇറങ്ങിയത് നാട്ടുകാരിൽ ഭീതി പടർത്തിയിട്ടുണ്ട്. കാസർകോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സി വി വിനോദ് കുമാർ, കാറഡുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ ബാബു എന്നിവർ ശാരദയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
രണ്ടര മീറ്റർ ദൂരത്ത്
എന്നെയൊന്ന് നോക്കി
മുള്ളേരിയ
‘‘പുലികളും ഞാനും രണ്ടര മീറ്റർ മാത്രം ദൂരം. എന്റെ ജീവൻ നഷ്ടപ്പെട്ടുവെന്ന് കരുതി. കൂടെ മറ്റൊന്ന് കൂടി കണ്ടപ്പോൾ ആകെ ഷോക്ക് ഏറ്റത് പോലെയായി". ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്ന വഴിയിൽ പുലികളെ കണ്ട കൊട്ടംകുഴിയിലെ ശാരദയുടെ ഞെട്ടൽ മാറിയിട്ടില്ല. "റോഡിലൂടെ നടന്ന് വരികയായിരുന്നു. മുന്നിൽ അപ്രതീക്ഷതമായി പുലി വന്നു. ഒന്ന് കുറെ വലുതാണ്. കൂടെ ചെറുതല്ലാത്ത മറ്റൊന്നും. തിരിച്ചു പോകുമ്പോൾ എന്നെ ഒരു തവണ നിന്ന് തിരഞ്ഞ് നോക്കി. രാവിലെ വനമേഖലയിൽ നിന്ന് മാൻ പോലെയുള്ള മൃഗങ്ങളുടെ കരച്ചിൽ കേട്ടെന്ന് പരിസരവാസികൾ പറഞ്ഞിരുന്നു. പുലി ഭീതി ഉള്ളതിനാൽ പുലർച്ചെ ജോലിക്ക് പോകുമ്പോൾ വാഹനത്തിലാണ് പോകുക. തിരിച്ചു വരുമ്പോൾ പകൽ സമയമായതിനാൽ നടക്കും. ഇനി നടന്നു വരാൻ ഭയമാണ്"
തള്ളപ്പുലിയും കുട്ടിയും!
കൊട്ടംകുഴിയിൽ കണ്ട പുലികൾ അമ്മയും കുട്ടിയും ആകാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലികൾ സ്ഥിരമായി ഒരു കേന്ദ്രത്തിൽ നിൽക്കാത്തത് പുലിയെ പൂട്ടാൻ പ്രയാസമാകുന്നു. ആകെ ഒരു കൂട് മാത്രമാണുള്ളത്. മുളിയാർ, കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളിൽ കറങ്ങുന്ന പുലിയെ പിടിക്കാൻ കൂടുതൽ കൂടുകൾ ആവശ്യമാണ്. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതിൽ നടത്തിയ പരിശോധനയിൽ സ്ഥിരമായി ഒരു പ്രദേശത്ത് പുലി തമ്പടിക്കുന്നതായി കാണുന്നില്ല. ഇത്തരം പ്രയാസങ്ങൾ കൂടുതൽ നടപടി സ്വീകരിക്കാൻ തടസ്സമായി വരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇരിയണ്ണിയിലും സമാന സംഭവമുണ്ടായി. രാവിലെ ഏഴരയ്ക്ക് ഇരിയണ്ണി ടൗണിലെ ഹോട്ടലിലേക്ക് വരികയായിരുന്ന സ്ത്രീക്ക് മുന്നിലേക്ക് പുലി ചാടി വീണിരുന്നു. കാടകം, ഇരിയണ്ണി, പാണൂർ മേഖലയിൽ പുലി സാന്നിധ്യം സ്ഥിരമാകുന്നതോടെ നാട്ടുകാർ ഭീതിയിലാണ്.
പുലിഭീതി അകറ്റണം: സിപിഐ എം
കർമംതോടി
കാറഡുക്ക, മുളിയാർ, ദേലംപാടി പഞ്ചായത്തുകളിൽ പകൽ സമയത്ത് പോലും പുലി ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ എം കാറഡുക്ക ഏരിയാ കമ്മിറ്റി
മുളിയാർ പഞ്ചായത്തിലെ കാനത്തൂർ, ഇരിയണ്ണി, പാണൂർ പ്രദേശങ്ങളിൽ സ്ഥിരമായി പുലി സാന്നിധ്യമുണ്ട്. മറ്റു പ്രദേശങ്ങളിലും പുലിയെ കണ്ടവരുണ്ട്. ഈ പ്രദേശങ്ങളിൽ നിന്നൊക്കെ വളർത്തുമൃഗങ്ങളെ നിരന്തരം കാണാതായി. പുലിയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടവരും നിരവധിയാണ്. കാടകത്ത് പല പ്രദേശങ്ങളിലും പുലിയെ കണ്ട് ജനങ്ങൾ ഭീതിയിലാണ്. ശനിയാഴ്ച രണ്ട് പുലികളെ കണ്ട് വീട്ടമ്മയും പരിഭ്രാന്തിയിലായി. ദേലംപാടിയിൽ പുലി കെണിയിൽ വീണ് ചത്തതിന് ശേഷം മാത്രമാണ് വനംവകുപ്പ് ഔദ്യോഗികമായി ഇവിടെ പുലിയുണ്ടെന്ന് സ്ഥിരീകരിച്ചത്.
മറ്റു വനമേഖലകളിൽ നിന്ന് വ്യത്യസ്തമായി കാസർകോട് വനം റേഞ്ച് പരിധിയിൽ ജനവാസ കേന്ദ്രങ്ങളും വനവും ഇടകലർന്നാണ്. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ അടിയന്തിരമായി നടപടി വേണം. നാല് പുലികളുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ആകെ ഒരു കൂട് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. പുലിയെ കാണുന്ന ഭാഗത്തേക്ക് മാറ്റി മാറ്റി സ്ഥാപിക്കുകയാണ്. കൂടുതൽ കൂട് സ്ഥാപിക്കുകയും പുലികളെ പിടിക്കുകയും വേണം. ജനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്താൻ എത്രയും വേഗം നടപടി വേണമെന്ന് സിപിഐ എം ഏരിയാസെക്രട്ടറി എം മാധവൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..