15 November Friday

ഗൂഗിളിൽ തപ്പും; ഓഫീസ്‌ പൊളിക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
കാസർകോട്‌
ഓഫീസുകളിൽ സൂക്ഷിച്ച പണമാണ്‌ സനീഷ്‌ ജോർജിന്റെ ലക്ഷ്യം. ഇതിനായി ഗൂഗിളിൽ ഓഫീസുകൾ സെർച്ച്‌ ചെയ്യും. റൂട്ടുമാപ്പും ശേഖരിച്ച്‌ രാത്രിയിലാണ്‌ മോഷ്ടിക്കാനിറങ്ങുന്നത്‌. 
കഴിഞ്ഞ നാലിന്‌ കടുത്ത മഴയുള്ള രാത്രിയിൽ കോഴിക്കോട്‌ നിന്നും ട്രെയിനിലാണ്‌ കാസർകോടെത്തിയത്‌. മംഗളൂരുവിൽ ട്രെയിനിറങ്ങി, ബസിൽ കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡിലെത്തി. രാത്രി എട്ടരക്ക്‌ ഓട്ടോ പിടിച്ച്‌ വിദ്യാനഗർ കോടതി പരിസരത്തുള്ള ജഡ്‌ജിമാരുടെ ക്വാർട്ടേഴ്‌സിന്‌ സമീപം ഇറങ്ങി. 120 രൂപ വാടകയും നൽകി. 
ആൾത്താമസമില്ലാത്ത ക്വാർട്ടേഴ്‌സിന്റെ വരാന്തയിലിരുന്ന്‌ മംഗളൂരുവിൽ നിന്നും വാങ്ങിയ ബിയർ കുടിച്ചുതീർത്തു. രാത്രി 12  കഴിഞ്ഞപ്പോൾ കോടതിയുടെ ചെറിയ ഗേറ്റിലൂടെ കോടതി കെട്ടിടത്തിലെത്തി. തൊണ്ടി മുതൽ സൂക്ഷിച്ച മുറി തപ്പി നടക്കുമ്പോൾ വാച്ചുമാൻ കണ്ടതിനാൽ, അവിടെ നിന്നും പുറത്തുകടന്നു.
ബിസി റോഡിന്‌ സമീപമുള്ള നായന്മാർമൂല തൻബീഹുൽ സ്‌കൂൾ ഓഫീസ്‌ കുത്തിതുറന്നപ്പോൾ മേശയിലുള്ള 500 രൂപ കിട്ടി. കനത്ത മഴയായതിനാൽ, തൊട്ടടുത്ത വീട്ടിൽ കയറി കോട്ട്‌ മോഷ്ടിച്ച്‌ ധരിച്ച്‌, ചെർക്കളയിലേക്ക്‌ നടന്നു. നാലാംമൈൽ എത്തിയപ്പോൾ ന്യൂ വെസ്‌റ്റേൺ മരമില്ലിൽ കയറി. മേശവലിപ്പിൽ നിന്നും കെട്ടുകണക്കിന്‌ പണം കിട്ടി. ചെർക്കളയിലേക്ക്‌ നടന്ന്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വരാന്തയിലേക്ക്‌ കയറിയിരുന്നു. കിട്ടിയ പണം എണ്ണിത്തിട്ടപ്പെടുത്തി. ഷർട്ടും പാന്റും അവിടെ ഉപേക്ഷിച്ച്‌ വേറെ വേഷത്തിൽ, പുലർച്ചെ അഞ്ചരക്കുള്ള കെഎസ്‌ആർടിസിയിൽ കോഴിക്കോട്ടെക്ക്‌ തിരിച്ചു.
കഴിഞ്ഞ എപ്രിൽ 18ന്‌ നാദാപുരം കോടതിയിലെ തൊണ്ടി മുതൽ മുറി കുത്തി തുറന്നപ്പോൾ നാലുപവൻ ആഭരണം കിട്ടിയിരുന്നു. ആ അനുഭവം വച്ചാണ്‌ സനീഷ്‌ കാസർകോട്‌ കോടതിയിലെത്തിയത്‌. 
കണ്ണൂർ ചൊക്ലി പെരിങ്ങത്തൂർ കരിയാട്‌ സ്വദേശിയായ ഇയാൾ കുടുംബസമേതം കോഴിക്കോട്‌ തൊട്ടിൽപ്പാലത്താണ്‌ താമസം. മുമ്പും സമാനമായ മോഷണം നടത്തിയതിനാൽ ജയിലിലായിട്ടുണ്ട്‌. കല്യാണത്തിനുശേഷം മോഷണം മതിയാക്കി ഗൾഫിൽ പോയെങ്കിലും രക്ഷപ്പെട്ടില്ല. വീടുവച്ച സാമ്പത്തിക ബാധ്യത പരിഹരിക്കാനാണത്രെ വീണ്ടും മോഷണത്തിനിറങ്ങിയത്‌. മുമ്പും ഇയാൾ മോഷണത്തിനായി കാസർകോട്‌ കോതിയിൽ എത്തിയിരുന്നതായി ജില്ലാ പൊലീസ്‌ മേധാവി പറഞ്ഞു. 
പ്രത്യേക അന്വേഷണസംഘത്തിൽ വിദ്യാനഗർ എസ്‌ഐമാരായ വി രാമകൃഷ്‌ണൻ, വിജയൻ മേലത്ത്‌, സി സി ബിജു, ഫിംഗർ പ്രിന്റ്‌ വിദഗ്‌ധൻ പി നാരായണൻ, എഎസ്‌ഐ വി കെ പ്രസാദ്‌, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർമാരായ അബ്ദുൾ സലാം, പി റോജൻ, എം ടി രജീഷ്‌, സിവിൽ പൊലീസ്‌ ഓഫീസർമാരായ കെ സി ഷിനോയ്‌, വി വി ശ്യാം ചന്ദ്രൻ, ഗണേഷ്‌ കുമാർ, കെ വി അജിത്ത്‌, ഹരിപ്രസാദ്‌ എന്നിവരും ഉണ്ടായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top