17 September Tuesday

ഏരിയാ സെക്രട്ടറി കാലത്തെ 
ഓർമകൾ പങ്കിട്ട്‌ എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

കാസർകോട്‌ നഗരസഭാ കോൺഫറൻസ്‌ ഹാളിൽ പി രാഘവൻ ട്രസ്‌റ്റിന്റെ പ്രവർത്തനോദ്‌ഘാടന ചടങ്ങിൽ പി രാഘവന്റെ ആത്മകഥയായ ‘കനലെരിയും ഓർമകൾ’ മുൻമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ ഗ്രന്ഥാലോകം ചീഫ്‌ എഡിറ്റർ പി വി കെ പനയാലിന് നൽകി പ്രകാശിപ്പിക്കുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമീപം

കാസർകോട്‌
കണ്ണൂരിൽനിന്നും ഏരിയാസെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത്‌ കാസർകോട്‌ വന്ന ഓർമകൾ പങ്കിട്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അന്ന്‌ തനിക്ക്‌ എല്ലാത്തരത്തിലുമുള്ള പിന്തുണ തന്ന്‌ വീട്ടുകാരനെ പോലെ സ്‌നേഹിച്ച നേതാവാണ്‌ പി രാഘവനെന്ന്‌ അദ്ദേഹം അനുസ്‌മരിച്ചു. കാസർകോട്‌ നഗരസഭാ കോൺഫറൻസ്‌ ഹാളിൽ പി രാഘവൻ ട്രസ്‌റ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
എൺപതുകളിൽ ഉദുമ നിയസഭാ തെരഞ്ഞെടുപ്പിൽ എം കുഞ്ഞിരാമൻ നമ്പ്യാരെ ജയിപ്പിക്കാനും പിന്നീട്‌  തോൽപ്പിക്കാനും കഴിഞ്ഞ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ പി രാഘവനാണ്‌. അന്ന്‌ ബേഡകം പഞ്ചായത്തിന്റെ ചുമതല തനിക്കാണ്‌ ഉണ്ടായത്‌. പി രാഘവന്റെ മുന്നാട്ടെ വസതിയിൽ ദിവസങ്ങളോളം തങ്ങിയാണ്‌ പ്രവർത്തിച്ചത്‌. അന്ന്‌ കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോഴും മനസ്സിലുണ്ട്‌. 
സഹകരണ മേഖലയിൽ ഇത്രത്തോളം സ്ഥാപനങ്ങളുണ്ടാക്കിയ മറ്റൊരു നേതാവ്‌ കേരളത്തിലില്ല. മുന്നാട്‌ പീപ്പിൾസ്‌ സഹകരണ കോളേജ്‌ തുടങ്ങിയപ്പോൾ തളിപ്പറമ്പിലും മറ്റും ഞങ്ങളും സമാനമായ കോളേജുകൾ തുടങ്ങി. എംഎൽഎ ആയിരുന്നപ്പോൾ അടുത്തടുത്ത മുറികളിലാണ്‌ താനും പി രാഘവനും താമസിച്ചതെന്നും എം വി ഗോവിന്ദൻ അനുസ്‌മരിച്ചു.
ട്രസ്‌റ്റ്‌ ചെയർമാൻ എ മാധവൻ അധ്യക്ഷനായി. പി രാഘവന്റെ ആത്മകഥയായ ‘കനലെരിയും ഓർമകൾ’ മുൻ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ പ്രകാശിപ്പിച്ചു. ഗ്രന്ഥാലോകം ചീഫ്‌ എഡിറ്റർ പി വി കെ പനയാൽ ഏറ്റുവാങ്ങി. പി രാഘവനെക്കുറിച്ച്‌ തയ്യാറാക്കിയ ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ പ്രകാശിപ്പിച്ചു. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്‌, ഇ ചന്ദ്രശേഖരൻ, സി എച്ച്‌ കുഞ്ഞമ്പു, എം രാജഗോപാലൻ, നഗരസഭാ ചെയർമാൻ അബ്ബാസ്‌ ബീഗം, പി രാഘവന്റെ ഭാര്യ കമല, ഡോ. സി ബാലൻ, സണ്ണി ജോസഫ്, ടി ജാനകി എന്നിവർ സംസാരിച്ചു. ട്രസ്‌റ്റ്‌ വൈസ്‌ ചെയർമാൻ അഡ്വ. എ ജി നായർ സ്വാഗതവും സെക്രട്ടറി പി രാഘവൻ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top