22 December Sunday

ഇത്‌ വടക്കിന്റെ 
ചിങ്ങവെള്ളം നിറക്കൽ

പി വിജിൻദാസ്‌Updated: Monday Sep 9, 2024

ചിങ്ങവെള്ളം വച്ച്‌ പൂക്കളം ഒരുക്കുന്ന പിലിക്കോട്‌ കരക്കേരുവിലെ കുഞ്ഞാതയും പേരമക്കളും

ചെറുവത്തൂർ
ഓണക്കാലത്ത്‌ വടക്കൻ ജില്ലകളിൽ മാത്രം തുടർന്ന്‌ വരുന്ന ആചാരമാണ്‌ ചിങ്ങവെള്ളം നിറക്കൽ. പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ ചാണകം മെഴുകി വൃത്തിയാക്കിയ മുറ്റത്ത് ആദ്യം ഒരുക്കുക ചിങ്ങവെള്ളമാണ്‌. വീട്ടുപറമ്പിലെ കിണറിൽനിന്നും പുലർച്ചെ ആദ്യം കോരിയെടുത്ത വെള്ളമാണ് ചിങ്ങവെള്ളത്തിന് ഉപയോഗിക്കുന്നത്.  വെള്ളം സൂര്യനുനേരെ മൂന്നു തവണ തർപ്പണം ചെയ്ത ശേഷം തേച്ചുകഴുകി വൃത്തിയാക്കിയ മുരുടയിൽ നിറക്കും. അതിൽ തുമ്പപ്പൂവും തുളസിയും ഇട്ട ശേഷം ചെറിയൊരു താളില പറിച്ച് അതിന്റെ വായ മൂടി മുറ്റത്തോ പൂജാ മുറിയിലോ വയ്‌ക്കും. കുട്ടികൾ പാടത്തും പറമ്പിലുംനിന്ന്‌  കൊണ്ടുവന്ന പൂക്കൾ കൊണ്ട്‌ ഇതിനടുത്തായി പൂക്കളവും തീർക്കും. കുട്ടികൾക്കൊപ്പം വീട്ടിലെ പ്രായം ചെന്ന അമ്മമാരും പൂക്കളം ഒരുക്കാൻ ഒപ്പം ചേരും.  ചില പ്രദേശങ്ങളിൽ അരി മാവ്‌ കൊണ്ടുള്ള കോലവും വരച്ച്‌ വയ്‌ക്കാറുണ്ട്‌.  
 
ഒത്തുചേരും 
പൊന്നോണത്തിന്‌
അണുകുടുംബത്തിലേക്ക്‌ മാറിപ്പോയെങ്കിലും എല്ലാവരും തറവാടുകളിലെത്തി ഒത്തുചേരുന്നത്‌  ഓണക്കാലത്താണ്‌. നാട്ടിൻപുറങ്ങളിലെ ഓണാഘോഷത്തിലും ഇവർ സജീവ പങ്കാളിത്തം ഉറപ്പിക്കാറുണ്ട്‌. അത്തം പിറന്നാൽ പത്ത്‌ ദിവസവും ആഘോഷങ്ങളാണ്‌.  തലപ്പന്തുകളിയും കുമ്മാട്ടിക്കളിയും ഊഞ്ഞാലാട്ടവും ഉറിയടിയും തുമ്പി തുള്ളലും ഉറിയും കോലും കളിയുമെല്ലാം പോയ കാലത്തെ ഓർമകൾ മാത്രമാണെങ്കിലും ഓണത്തല്ലും വടംവലിയും വള്ളം കളിയും മറ്റ്‌ കലാ കായിക മത്സരങ്ങളെല്ലാം ഗ്രാമങ്ങളിൽ ഇന്നും നടക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top