22 December Sunday
സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പ് നവം. 2, 3

സൈക്കിൾ വേഗക്കാർ ഇതാ ഇരിയണ്ണിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പ്‌ നടക്കുന്ന ബോവിക്കാനം–- ഇരിയണ്ണി റോഡ്‌

ഇരിയണ്ണി
പതിനാല് ജില്ലകളിൽ നിന്നായി 250 ലധികം താരങ്ങൾ, ഒമ്പത് വിഭാഗങ്ങളിൽ സൈക്കിൾ വേഗക്കാരുടെ പോരാട്ടത്തിന്‌ നിരവധി അന്തർദേശീയ, ദേശീയ താരങ്ങൾ. ജില്ലയിൽ മൂന്നാംതവണയും എത്തുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്‌ ഇരിയണ്ണി ഒരുങ്ങുന്നു. നവംബർ രണ്ട്‌, മൂന്ന്‌ തീയതികളിൽ ഇരിയണ്ണി –- -ബോവിക്കാനം റൂട്ടിലാണ് മത്സരം. ഇതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.
ഒമ്പതിനത്തിൽ മത്സരം 
-ഒമ്പത് വിഭാഗങ്ങളിലാണ് മത്സരം. 14 വയസ്സിന് താഴെയുള്ള ആൺ-, പെൺകുട്ടികൾക്ക് (12 വയസ്സിൽ കുറയാത്ത) പ്രത്യേകം മത്സരം. 15 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള പെൺകുട്ടികൾക്കും മത്സരമുണ്ട്. ഈ മൂന്ന് വിഭാഗങ്ങൾക്ക് എട്ട് കിലോമീറ്റർ ദൂരത്തിലാണ് മത്സരം. 15 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള ആൺകുട്ടികളുടെ മത്സരം 16 കിലോമീറ്ററാണ്. 17–-18 വയസ് പരിധിയിലുള്ള പെൺകുട്ടികളുടെ മത്സരം 24 കിലോമീറ്ററാണ്‌. ഇതേ മത്സരം ആൺകുട്ടികൾക്ക് 32 കി.മീ. 23 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ മത്സരത്തിൽ 40 കി.മീ ഓട്ടവുമുണ്ട്. 19 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്ക് 32 കി.മീ ദൂരം സൈക്ലിങ് മത്സരമുണ്ടാകും. ഇതേ മത്സരം പുരുഷന്മാർക്ക് 40 കി.മീറ്ററാണ്.
ഒരു ലാപ് എട്ട് കിലോമീറ്ററാണ്. കുട്ടികളുടെ ആദ്യ മൂന്ന് വിഭാഗങ്ങൾക്ക് എട്ട് കിലോമീറ്ററാണ് മത്സരം.  ദീർഘദൂര മത്സരങ്ങൾ കൂടുമ്പോൾ ലാപ്പുകളുടെ എണ്ണം കൂട്ടും.
ഇരിയണ്ണിയിൽനിന്ന് തുടക്കം
ഇരിയണ്ണിയിൽ നിന്ന്‌ മത്സരം ആരംഭിക്കും. ആരംഭിക്കുന്ന സ്ഥലത്തും ആദ്യ നാല് കിലോമീറ്ററിലും പ്രത്യേക മാർക്കിങ് ഉണ്ടാകും. അതിനു ശേഷം റോഡിൽ സ്വതന്ത്രമായി ഉപയോഗിക്കാം. നാല് കി.മീ ദൂരത്ത് പ്രത്യേക അടയാളം ഉണ്ടാവില്ല. സമയം രേഖപ്പെടുത്തിയാണ് വിജയികളെ നിശ്ചയിക്കുന്നത്. ഒരു താരം ട്രാക്കിലേക്ക് ഇറങ്ങിയാൽ ഒരു മിനിട്ടിന് ശേഷം അടുത്തയാളെ ഇറക്കും.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറിയ ബോവിക്കാനം–--ഇരിയണ്ണി റോഡിലാണ് മത്സരങ്ങൾ. കിഫ്‌ബി ഫണ്ടിൽ ഒന്നാം പിണറായി സർക്കാർ കാലത്ത് നിർമിച്ച റോഡിന്റെ നവീകരണ ശേഷം സഞ്ചാരികളുടെ ഇഷ്ട റൂട്ടാണിത്‌.
റോഡ് ക്രമീകരണം ഇങ്ങനെ
നവീകരണ ശേഷം ഏറ്റവും വീതിയുള്ള റോഡാണ്. അതിനാൽ  ബസുകൾക്ക് പോകാനുള്ള വഴിയൊരുക്കും.  രണ്ട് ദിവസങ്ങളിലും ബസ് യാത്രയ്ക്ക് പ്രശ്നമില്ല. മറ്റ് വാഹനങ്ങൾക്ക് സമാന്തര റൂട്ടുകളിൽ പോകാം. കാനത്തൂർ –- എരിഞ്ഞിപ്പുഴ ഭാഗത്തേക്ക് പോകേണ്ടവർ ബോവിക്കാനം-–- മുളിയാർ-–- കോട്ടൂർ -പയർപ്പള്ളം റൂട്ടിൽ പോകണം.
റോഡിന്റെ ഇരുവശവും കാണികൾക്ക് മത്സരം വീക്ഷിക്കാം.  ആദ്യമായാണ്‌ ഇരിയണ്ണിയിൽ  മത്സരം എത്തുന്നത്‌.
സംഘാടകസമിതിയായി 
ഇരിയണ്ണി
സംസ്ഥാന റോഡ് സൈക്ലിങ്‌ ചാമ്പ്യൻഷിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു. മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി ഉദ്ഘാടനം ചെയ്തു. ബി കെ നാരായണൻ അധ്യക്ഷനായി. സി ജനാർദ്ദനൻ സ്വാഗതവും എസ് വിനോദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി വി  മിനി (ചെയർപേഴ്‌സൺ), ബി കെ നാരായണൻ (വർക്കിങ്‌ ചെയർമാൻ), എ അച്യുതൻ (ജനറൽ കൺവീനർ), എസ് വിനോദ്‌കുമാർ (കൺവീനർ).
ജില്ലയിൽ മൂന്നാമതെത്തുന്ന സംസ്ഥാന മത്സരം മികച്ചതാകും. ആരെയും ആകർഷിക്കുന്ന റോഡും പ്രദേശവും മത്സരത്തിന് വ്യത്യസ്ത അനുഭവമാകും. 
എസ് വിനോദ്കുമാർ ഉദിനൂർ, ജില്ലാ സൈക്ലിങ് 
അസോസിയേഷൻ സെക്രട്ടറി
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top