24 November Sunday
മഞ്ചേശ്വരം കോഴക്കേസ്‌

യുഡിഎഫുകാർ അപവാദം പ്രചരിപ്പിക്കുന്നു: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024
മഞ്ചേശ്വരം 
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസിൽ ബിജെപി നേതാവ്‌ കെ സുരേന്ദ്രനടക്കമുള്ള പ്രതികളെ വെറുതെ വിട്ട കോടതി നടപടി ദൗർഭാഗ്യകരമാണെന്നും അടിയന്തിരമായി അപ്പീൽ നൽകുമെന്നും സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു. ഈ കേസിൽ സിപിഐ എമ്മിനെ വലിച്ചിഴക്കുന്നത്‌ പരിഹാസ്യമാണ്‌. എൽഡിഎഫ്‌ സ്ഥാനാർഥി വി വി രമേശൻ നൽകിയ പരാതിയോടെയാണ്‌ സുന്ദരയുടെ പരാതി പൊതുസമൂഹത്തിന്റെ മുമ്പിലെത്തുന്നത്‌. മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ ജയിച്ച മുസ്ലിംലീഗോ കോൺഗ്രസോ കോടതി വിധി വരുംവരെ മഞ്ചേശ്വരം കോഴക്കേസിൽ മിണ്ടിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ മുന്നിലോ കോടതിയിലോ ഇതുസംബന്ധിച്ച്‌ കക്ഷി ചേർന്നിട്ടുമില്ല. ഇപ്പോൾ കോടതിയിൽ സുരേന്ദ്രന്‌ അനുകൂലമായി ഉണ്ടായ വിധിയിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നതും, അതിന്റെ പേരിൽ സിപിഐ എമ്മിനെതിരെ നുണപ്രചാരണം നടത്തുന്നതും യുഡിഎഫുകാരാണ്‌.
സുരേന്ദ്രനും ബിജെപിക്കും അത്ര എതിരുള്ള കൂട്ടരാണെങ്കിൽ മഞ്ചേശ്വരം കോഴക്കേസിൽ ഇനിയും പരാതി നൽകാവുന്നതാണ്‌. അല്ലെങ്കിൽ അപ്പീലെങ്കിലും സമർപ്പിക്കാം. ഇതൊന്നും ചെയ്യാതെ, സുരേന്ദ്രനെതിരെ കോടതിയിൽപോയ സിപിഐ എമ്മിനെ അപഹസിക്കുന്നത്‌ തമാശ മാത്രമാണ്‌. ബിജെപിയുമായി സിപിഐ എം ഒരുകാലത്തും ബന്ധമുണ്ടാക്കിയിട്ടില്ല.  
ജില്ലയിൽ ബിജെപിയുമായി എല്ലാക്കാലത്തും കോൺഗ്രസാണ്‌ കൂട്ടുകൂടിയത്‌. വോർക്കാടി സഹകരണ ബാങ്കിൽ ഇപ്പോഴും കോൺഗ്രസ്‌–- ബിജെപി സഖ്യമാണ്‌ ഭരിക്കുന്നത്‌.  പൈവളിഗെ ബാങ്കിലും മുമ്പ്‌ ഒന്നിച്ചായിരുന്നു ഭരണം. 
കഴിഞ്ഞ കുമ്പള പഞ്ചായത്ത് ഭരണസമിതിയിലും കോലീബി സഖ്യമായിരുന്നു. ഇത്തരം അവിഹിത ഇടപാടുകൾ മറയ്‌ക്കാനാണ്‌ സിപിഐ എമ്മിനെതിരെയും സംസ്ഥാന സർക്കാരിനെയും അധിക്ഷേപിക്കാൻ  യുഡിഎഫ്‌ നുണപ്രചാരണം നടത്തുന്നതെന്നും എം വി ബാലകൃഷ്‌ണൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top