കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്ട് നീങ്ങിതുടങ്ങിയ ട്രെയിനിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ യാത്രക്കാരന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ശക്തികുളങ്ങര കല്ലുപുറത്തെ മുരളി (60)ക്കാണ് പരിക്കേറ്റത്. മുരളിയെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. വെസ്റ്റ് കോസ്റ്റ് എസ്‌സ്‌പ്രസിലെ യാത്രക്കാരനായിരുന്നു മുരളി. കാസർകോട്ടുനിന്ന് ട്രെയിൻ വിട്ടപ്പോൾ, മുരളി സഞ്ചരിച്ച കമ്പാർട്ടുമെന്റിലെ യാത്രക്കാരനായ യുവാവ് മദ്യലഹരിയിൽ ബഹളം വച്ചു.
ഛർദിക്കുകയും പരാക്രമം കാണിക്കുകയും ചെയ്തു. യുവാവിനെ സഹയാത്രികർ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടു. ഇതിന്റെ ദേഷ്യത്തിൽ ട്രെയിൻ നീങ്ങിതുടങ്ങുന്നതിനിടെ യുവാവ് കല്ലെടുത്ത് എറിയുകയായിരുന്നു. സൈഡ് സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന മുരളിയുടെ തലയിലാണ് കല്ല് പതിച്ചത്.
ട്രെയിൻ നീലേശ്വരം റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ മുരളിയെ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ ഇരുത്തി. വിവരമറിഞ്ഞ് കൺട്രോൾ റൂമിൽ നിന്നെത്തിയ പൊലീസ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുരളിയുടെ തലയിൽ ഏഴ് തുന്നിക്കെട്ടുണ്ട്. സംഭവത്തിൽ റെയിൽവെ പൊലീസ് അന്വേഷണമാരംഭിച്ചു. എസ്‌ഐ റെജി കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കല്ലെറിഞ്ഞ ആളെ കണ്ടെത്താനായിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..