03 December Tuesday
മുളിയാർ, ദേലംപാടി, കാറഡുക്ക

പുലിപ്പേടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

കാനത്തൂരിൽ കണ്ട പുലിയുടെ കാൽപാദത്തിന്റെ അടയാളം

ബോവിക്കാനം
മുളിയാർ, ദേലംപാടി, കാറഡുക്ക പഞ്ചായത്തുകളിൽ പുലിയെ കണ്ട് തുടങ്ങിയതോടെ നാട് വീണ്ടും പുലിപ്പേടിയിൽ. കഴിഞ്ഞ ദിവസം മുളിയാർ പാണൂർ തോട്ടത്തുമൂലയിൽ പുലർച്ചെ മൂന്നരയ്ക്ക് വീടിന്റെ മുൻവശത്തുണ്ടായിരുന്ന വളർത്തുനായയെ പുലി പിടിച്ചതോടെ ഭീതി ഇരട്ടിച്ചു.
 പാണൂരിൽ തന്നെ മൂന്നാഴ്ച മുമ്പ്‌ നായയെ പെട്ടന്ന് കാണാതായിരുന്നു. പാണൂർ പന്നപ്പലത്ത് രണ്ടാഴ്ച മുമ്പ്‌ മുള്ളൻപന്നിയെ മരത്തിന്റെ മുകളിൽ പകുതി ഭക്ഷിച്ച രീതിയിലും കണ്ടിരുന്നു. ഇരിയണ്ണി ബേപ്പ്, കുട്ടിയാനം പ്രദേശത്ത് വളർത്തുനായകളെ സ്ഥിരമായി കാണാതായിരുന്നു. 
 

പാണ്ടിയിൽ പുലി വീണത്‌ തെളിവായി

പാണ്ടിയിൽ പുലി കെണിയിൽ വീണ ചത്ത ശേഷം മാത്രമാണ് ഈ വനമേഖലയിൽ പുലി സാന്നിധ്യം ഉണ്ടെന്ന് വനംവകുപ്പ് സമ്മതിച്ചത്. അത് വരെ ഫിഷിങ് ക്യാറ്റ് എന്നായിരുന്നു വാദം. പാണ്ടി സംഭവത്തിന് ശേഷം ഇരിയണ്ണിയിൽ നിരീക്ഷണ ക്യാമറ വെച്ച് പുലി സാന്നിധ്യം ഔദ്യോഗികമായി ഉറപ്പിച്ചു. നടപടികൾക്ക് ശേഷം വയനാട്ടിൽ നിന്ന് കൂടും എത്തിച്ചു. എന്നാൽ പുലി കുടുങ്ങിയില്ല. ദിവസങ്ങൾക്ക് ശേഷം കാനത്തൂർ മൂടയംവീട് പ്രദേശത്ത് പുലിയുടെ ശല്യം തുടങ്ങി. ഇവിടെയും നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ഇരിയണ്ണിയിൽ നിന്ന് കൂട് കാനത്തൂരിലേക്ക് മാറ്റാൻ ആലോചിക്കുന്നതിനിടയിലാണ് പാണൂരിൽ പുലിയിറങ്ങിയത്. കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴിയിലും പുലി ഇറങ്ങിയിട്ടുണ്ട്.  
 

പുലിക്കും കുരങ്ങിനും 
കൂട്‌ വെക്കും

ബോവിക്കാനം 
പുലി ഭീതി പടർത്തുന്ന സാഹചര്യത്തിൽ മുളിയാർ പഞ്ചായത്ത് അടിയന്തിരമായി ജനജാഗ്രത സമിതി ചേർന്നു. ജനങ്ങളുടെ ഭീതി അകറ്റുന്നതിനും പരിഹാര നിർദ്ദേശങ്ങൾക്ക് രൂപം നൽകാനും വനംവകുപ്പുമായി ചേർന്ന് യോജിച്ച പദ്ധതികളുണ്ടാക്കാൻ യോഗം തീരുമാനിച്ചു.
പുലിയെ ഉൾവനത്തിലേക്ക് തുരത്താൻ പ്രദേശവാസികളുടെ സഹകരണത്തോടെ പ്രത്യേക ഡ്രൈവ് നടത്തും. പുലി സാന്നിധ്യം കൂടുതൽ കാണുന്ന സ്ഥലങ്ങളിൽ കൂടുകൾ സ്ഥാപിക്കും. കാർഷിക മേഖലക്ക് ഭീഷണി സൃഷ്ടിക്കുന്ന കുരങ്ങുകൾക്ക് കൂട് സ്ഥാപിക്കാനും ധാരണയായി. 
മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി അധ്യക്ഷയായി. കാസർകോട് വനം റേഞ്ച് മേധാവി സി വി വിനോദ്കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ജനാർദ്ദനൻ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ബി കെ നാരായണൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം എം കുഞ്ഞമ്പു നമ്പ്യാർ, പഞ്ചായത്ത് അംഗങ്ങളായ ഇ മോഹനൻ, പി രവീന്ദ്രൻ, സി നാരായണിക്കുട്ടി, വി സത്യാവതി എന്നിവരും എം രാഘവൻ നായർ, കെ പി പവിത്രൻ, വി വാസു, കെ പ്രഭാകരൻ, കെ പി സുകുമാരൻ, വി കുഞ്ഞിരാമൻ, കെ ഗോപാലകൃഷ്ണൻ, ഇ ജനാർദ്ദനൻ, മണികണ്ഠൻ ഓമ്പയിൽ, രവീന്ദ്രൻ പാടി,  സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ ബാബു, എ ബാബു, കെ കെ ജയകുമാർ, ബിഎഫ്ഒമാരായ എ കെ സുനിൽ, രാഗേഷ് കുമാർ, സുമേഷ് എന്നിവർ സംസാരിച്ചു. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top