13 December Friday
വാര്‍ഡന്റെ മാനസികപീഡനമെന്ന്‌ ആരോപണം

നഴ്സിങ്‌ കോളേജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2024

കാഞ്ഞങ്ങാട്‌ മൻസൂർ നഴ്സിങ്‌ കോളേജിൽ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നഴ്സിങ്‌ വിദ്യാർഥികൾ ആശുപത്രിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു


കാഞ്ഞങ്ങാട്‌
കാഞ്ഞങ്ങാട്ടെ സ്വകാര്യ നഴ്സിങ്‌ കോളേജ്  വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ  ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ മൻസൂർ ആശുപത്രിയുടെ നഴ്സിങ്‌ കോളേജിലെ മൂന്നാം വർഷ നഴ്സിങ്‌ വിദ്യാർഥിനിയാണ്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്‌. ശനിയാഴ്ച  രാത്രിയാണ്‌ സംഭവം.  വിദ്യാർഥിനിയെ ഗുരുതരനിലയിൽ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റൽ വാർഡന്റെ  മാനസിക പീഡനമാണ്  ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന്  നഴ്സിങ്‌ കോളേജിലെ  വിദ്യാർഥികൾ ആരോപിച്ചു. വാർഡന്റെ മോശമായ പെരുമാറ്റവും അമിത നിയന്ത്രണവും  കാരണം വിദ്യാർഥികൾ അസ്വസ്ഥരാണ്.  ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർഥിനി  സുഖമില്ലാതെ ഇരിക്കുമ്പോൾ ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ല. വാർഡൻ വഴക്കുപറയുകയുംചെയ്‌തു. പെൺകുട്ടിക്ക്‌ രക്തസമ്മർദം  കുറയുന്ന അസുഖമുണ്ട്. ഇതേ തുടർന്ന്  ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഹോസ്റ്റലിൽ തിരിച്ചെത്തിയ ശേഷവും പെൺകുട്ടിയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടർന്നുവെന്ന്‌ സഹപാഠികൾ പറഞ്ഞു.
 
ആശുപത്രിക്കുമുന്നിൽ 
വിദ്യാർഥി പ്രതിഷേധം
കാഞ്ഞങ്ങാട്
മൻസൂർ നഴ്സിങ്‌ കോളേജിൽ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് നൂറോളം നഴ്സിങ്‌ വിദ്യാർഥികൾ  ആശുപത്രിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ്  വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചത്‌. ഹോസ്റ്റൽ വാർഡനെ മാറ്റണമെന്നും തങ്ങൾക്ക് നീതി വേണമെന്നും ആവശ്യപ്പെട്ട് പ്ലക്കാർഡുകളുമായാണ്‌ വിദ്യാർഥികളുടെ പ്രതിഷേധം. വിവരമറിഞ്ഞ് പുറത്തുനിന്നും നിരവധി പേർ തടിച്ചുകൂടിയതോടെ ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥയുണ്ടായി. ഹൊസ്ദുർ​ഗ് ഇൻസ്പെക്ടർ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി  വിദ്യാർഥിനികളുമായി ചർച്ച നടത്തി. തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട് ഡിവൈഎസ് പി ഓഫീസിൽ  വിദ്യാർഥിനികളുമായും ആശുപത്രി മാനേജ്മെന്റുമായും വിഷയം ചർച്ച നടത്താമെന്ന് പൊലീസ് ഉറപ്പുനൽകിയതോടെയാണ്‌ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചത്‌.
 
സമഗ്ര അന്വേഷണം നടത്തണം
കാഞ്ഞങ്ങാട് 
മൻസൂർ ആശുപത്രിയിലെ നഴ്സിങ്‌ കോളേജിൽ വിദ്യാർഥിനി  ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. 
ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്‌. വിദ്യാർഥിനി ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 
നഴ്സിങ്‌ വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം സംബന്ധിച്ച്‌ സമഗ്ര അന്വേഷണം വേണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട്‌ ഏരിയാകമ്മറ്റി ആവശ്യപ്പെട്ടു. 
മൻസൂർ ആശുപത്രിയിൽ നഴ്സിങ്‌ വിദ്യാർഥിനികൾക്കെതിരെ മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് മാനേജ്മെന്റും വാർഡനും  നടത്തുന്നതെന്ന് കുട്ടികൾ പറയുന്നു.  അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗങ്ങളായ കെ വി സുജാത, ഫൗസിയ ഷരീഫ്, ഏരിയാ സെക്രട്ടറി സുനു ഗംഗാധരൻ, പി ബിന്ദു, തുളസി അജാനൂർ, സരസ മണലിൽ, ടി ശോഭ എന്നിവർ വിദ്യാർഥികളുമായി സംസാരിച്ചു.
മൻസൂർ നഴ്സിങ് കോളേജിലെ വിദ്യാർഥിനിയുടെ ആത്മഹത്യശ്രമത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  ആശുപത്രി വാർഡൻ, കോളേജ് മാനേജ്മെന്റ് എന്നിവരുമായി ബന്ധപ്പെട്ട് ദൂരുഹതയുണ്ട്.  കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌  ജില്ലാ പ്രസിഡന്റ്‌ ഋഷിത സി പവിത്രൻ, സെക്രട്ടറി കെ പ്രണവ് എന്നിവർ ആവശ്യപ്പെട്ടു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top