20 December Friday

മടിക്കൈയുടെ 
സമരപോരാളിക്ക്‌ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2024

 

മടിക്കൈ 
മടിക്കൈക്കാരുടെ കുഞ്ഞാമച്ചന് നാടിന്റെ യാത്രാമൊഴി. മടിക്കൈയിൽ കമ്യൂണിസ്റ്റ് –-കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ നേതാവാണ്‌ കഴിഞ്ഞ ദിവസം അന്തരിച്ച കാലിച്ചാംപൊതിയിലെ കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ. ക്ഷേത്ര സ്ഥാനികൻ കമ്യൂണിസ്റ്റായി മാറിയ ചരിത്രമാണ് കുഞ്ഞിരാമേട്ടന്റേത്‌. നാദക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ വിളക്കും തളിക ആചാരക്കാരനായിരുന്നു അദ്ദേഹം. ജില്ലയിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായിരുന്ന എൻ ജി കമ്മത്തിന്റെ പ്രചോദനത്തിലാണ് കുഞ്ഞിരാമേട്ടൻ കർഷകസംഘവുമായി ബന്ധപ്പെടുന്നത്‌.  പിന്നീട്‌  കമ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തകനായി. മടിക്കൈയിലെ സമരവീഥികളിലെല്ലാം അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.  സിപിഐ എം അവിഭക്ത മടിക്കൈ ലോക്കൽ സെക്രട്ടറി, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം, മടിക്കൈ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 
ഞായറാഴ്‌ച രാവിലെ 10.30 ഓടെ കാലിച്ചാംപൊതി മിനി സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, മുതിർന്ന നേതാവ്‌ പി കരുണാകരൻ, സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം രാജഗോപാലൻ എംഎൽഎ, സി പ്രഭാകരൻ, വി കെ രാജൻ, ജില്ലാ കമ്മിറ്റിയംഗം പി ബേബി, നീലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ, എളേരി ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, ഇ ചന്ദ്രശേഖരൻ എംഎൽഎ,   നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത,  മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പ്രീത, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ  എന്നിവർ അന്തിമോപചാരമർപ്പിച്ചു. അന്ത്യാഭിലാഷ പ്രകാരം മൃതദേഹം കോഴിക്കോട്‌ മണാശേരി കെഎംസിടി  ആശുപത്രിക്ക്‌ പഠനത്തിനായി കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top