21 December Saturday
ഭാരത് ബീഡി: ഏജന്റുമാരും ഉടമയും തർക്കത്തിൽ

പണിയില്ല; തൊഴിലാളികൾ 
പട്ടിണിയിൽ

കെ സി ലൈജുമോൻUpdated: Thursday Oct 10, 2024
കാസർകോട്‌
ഭാരത്‌ ബീഡി ഏജന്റുമാർക്ക്‌ ഉടമ കുടിശ്ശിക തുക നൽകാത്തതിൽ പ്രതിഷേധിച്ച്‌ ബീഡിയിലയും പുകയിലയും എടുക്കാതായതോടെ പണിയില്ലാതെ ദുരിതത്തിലായി ആയിരത്തിലധികം ബീഡിത്തൊഴിലാളികൾ. കാസർകോട്‌, മഞ്ചേശ്വരം താലൂക്കുകളിലെ തൊഴിലാളികളാണ്‌ രണ്ടാഴ്‌ചയിലേറെയായി ദുരിതമനുഭവിക്കുന്നത്‌. 
തെറുത്തുവച്ച ബീഡി ഏജന്റുമാരെ ഏൽപിക്കാൻ പോലുമാകാതെ പലരും വിഷമിക്കുകയാണ്‌. ബീഡി തെറുക്കൽ ഉപജീവനമാക്കിയ കുടുംബങ്ങൾ പട്ടിണിയുടെ വക്കിലായിട്ടും ഏജന്റുമാരും ഉടമയും തമ്മിലുള്ള തർക്കം പരിഹാരമാകാതെ നീളുകയാണ്‌. ഉടമ നൽകാനുള്ള തുക പൂർണമായും ലഭിച്ചാലേ ഇനി ബീഡിയിലയും പുകയിലയും എടുക്കുകയുള്ളൂവെന്നാണ്‌ ഇവരുടെ നിലപാട്‌.
തൊഴിലാളികൾക്ക്‌ അവർ തെറുക്കുന്ന ബീഡിക്ക്‌ കൃത്യമായി പണം നൽകിയിട്ടുണ്ടെന്നും അതിനായി കടം വാങ്ങേണ്ട സ്ഥിതിയാണുണ്ടായതെന്നുമാണ്‌ ഏജന്റുമാർ പറയുന്നത്‌. തുടർന്നും കടംവാങ്ങി ബീഡിയിലയും പുകയിലയും എടുത്ത്‌ തൊഴിലാളികളെ ഏൽപിച്ചാലും തെറുത്തുനൽകുന്ന ബീഡിക്ക്‌ പണം കിട്ടാത്ത അവസ്ഥ തുടർന്നാൽ ജീവിതം വഴിമുട്ടുമെന്നാണ്‌ ഏജന്റുമാരുടെ പക്ഷം. 
രണ്ടാഴ്‌ചയായി ഭാരത്‌ ബീഡിയുടെ കാസർകോട്‌ താളിപ്പടുപ്പിലുള്ള പ്രധാന ഓഫീസിന്‌ മുന്നിൽ നൂറോളം ഏജന്റുമാർ എത്തുന്നുണ്ടെങ്കിലും മംഗളൂരു സ്വദേശിയായ ഉടമ ഇങ്ങോട്ടേക്ക്‌ തിരിഞ്ഞുനോക്കുന്നില്ല. മാനേജർമാരുമായി സംസാരിച്ച്‌ വിഷയം തീർക്കണമെന്നാണ്‌ ഉടമ പറയുന്നതെന്നും അത്‌ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ഉടമ നേരിട്ട്‌ പ്രശ്‌നത്തിന്‌ പരിഹാരം കാണണമെന്നുമാണ്‌ ഏജന്റുമാരുടെ ആവശ്യം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top