22 November Friday

പരിസ്ഥിതി പഠിക്കാം; മുട്ടോംകടവിൽ 
വനവിദ്യാലയം ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

മുട്ടോംകടവിലെ വനവിദ്യാലയം

വെള്ളരിക്കുണ്ട്  
ജൈവ വൈവിധ്യങ്ങളുടെ കലവറയായ കോട്ടഞ്ചേരി മലയുടെ താഴ്വാരത്ത് പ്രകൃതി പഠന സഹവാസങ്ങൾക്കായുള്ള വന വിദ്യാലയം ഒരുങ്ങി. നാലുപതിറ്റാണ്ടായി പരിസ്ഥിതി വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സീക്കിനൊപ്പം കോട്ടഞ്ചേരി പര്യാവരൺ കൺസർവേഷൻ ട്രസ്റ്റ് കൂടി ചേർന്നാണ് വനപഠനത്തിനുള്ള സ്ഥിരം സംവിധാനം ഒരുക്കുന്നത്. 
കരിന്തളം ഗോപിനാഥന്റെ സ്മരണയ്ക്ക്‌ ബന്ധുക്കൾ സൗജന്യമായി നല്കിയ രണ്ട് ഏക്കറിലാണ്  വിദ്യാലയം. ചൈത്രവാഹിനി പുഴയുടെ കൈവഴിയായി ഒഴുകുന്ന തോടിനോട് ചേര്‍ന്ന് മുട്ടോംകടവിലാണ്  പഠനകേന്ദ്രം. പ്രൊഫ. ജോൺസി ജേക്കബിന്റെ നേതൃത്വത്തിൽ 1979 മുതൽ കോട്ടഞ്ചേരി വനത്തിൽ സീക്കിന്റെ കുട്ടികൾക്കായുള്ള പ്രകൃതി ക്യാമ്പ് നടന്നിരുന്നു. താമസസൗകര്യം ഇല്ലാത്തതിനാൽ 2008 ഓടെ ക്യാമ്പുകൾ മുടങ്ങി. 
70 പേർക്ക് താമസിക്കാനുള്ള ഡോർമറ്ററി, ക്ലാസ് മുറി, ലൈബ്രറി, ആർക്കൈവ്, പുറം ക്ലാസുകൾക്കായി മാവിൻതറ എന്നിവയോടുകൂടിയാണ് പുതിയ കെട്ടിടം.  കേരള വന ഗവേഷണ കേന്ദ്രം  സഹായത്തോടെ പശ്ചിമഘട്ടത്തിലെ തനതുവൃക്ഷങ്ങളുടെ ഒരു അർബറേറ്റവും ഔഷധത്തോട്ടം, ബട്ടർഫ്ലൈ ഗാർഡൻ എന്നിവയും ഒരുങ്ങുന്നുണ്ട്. പരിസ്ഥിതിയെക്കുറിച്ച് പഠിക്കുന്നതിനുള്ള സ്ഥിരം സംവിധാനമെന്ന നിലയിൽ ഇത് ഇന്ത്യയിൽ ആദ്യ സ്ഥാപനമാണ്. സസ്യ ശാസ്ത്രം, പക്ഷി, പൂമ്പാറ്റ, ജന്തുശാസ്ത്ര, നരവംശശാസ്തം ഭൂഗർഭശാസ്ത്ര, നാടോടി വിജ്ഞാനം തുടങ്ങിയ മേഖലയിലുള്ള പ്രമുഖർ  ഇവിടെ പഠിതാക്കളുടെ സഹായികളാകും. പൊതുജന സഹകരണത്തോടെ നടത്തുന്ന സ്ഥാപനം പ്രതിഫലം വാങ്ങാതെയാണ് എല്ലാം ചെയ്യുന്നത്. ഭക്ഷണത്തിനുള്ള ചെറിയ തുക മാത്രമാണ് ചെലവ്. കൊന്നക്കാട് നിന്ന് 3.5 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ഇവിടെ നിന്ന് 500 മീറ്റർ സഞ്ചരിച്ചാൽ വനമാണ്. 2.5 കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടഞ്ചേരിയിലെത്താം. 
വനവിദ്യാലയം 17ന് ഞായർ രാവിലെ  വനം വകുപ്പ് പ്രൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രമോദ് ജി കൃഷ്ണൻ ഉദ്ഘാടനംചെയ്യും.  കണ്ണൂർ, കാസർകോട് ജില്ലകളിലെ 25 വീതം സ്കൂളുകളിൽ നിന്ന് രണ്ട് വീതം ഹരിതസേനാ അംഗങ്ങളും 10 വീതം അധ്യാപകരും പങ്കെടുക്കുന്ന മൂന്ന് ദിവസം വീതമുള്ള ക്യാമ്പ് നവംബറിൽ നടക്കും. 
സീക്ക് ഡയറക്ടർ ടി പി പത്മനാഭൻ,  പ്രസിഡന്റ് സി രാജൻ, വി സി ബാലകൃഷ്ണൻ  പക്ഷി നിരീക്ഷകനായ ശശിധരൻ മങ്കത്തിൽ,  സുസ്മിത എന്നിവർ നേതൃത്വം നല്കും. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top