ഉദുമ
കാസർകോട് -–- കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ കളനാട് റെയിൽവേ മേൽപ്പാലത്തിലെ സുരക്ഷാമതിൽ വാഹനമിടിച്ച് തകരുന്നത് പതിവാകുന്നു. മേൽപ്പാലം അശാസ്‌ത്രീയമായി നിർമിച്ചതെന്ന പരാതി വ്യാപകമാണ്. ഉദുമ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപെടുന്നത്. രാത്രിയിൽ ചെറിതും വലതുമായ നിരവധി വാഹനങ്ങളാണ് മതിലിടിച്ച് മറിയുന്നത്. ഭാഗ്യം കൊണ്ടുമാത്രമാണ് പല വാഹനങ്ങളും പാലത്തിന് മുകളിൽനിന്ന് റെയിൽപാളത്തിലേക്ക് വീഴാതെ രക്ഷപ്പെടുന്നത്. ഇവിടെയുണ്ടായ അപകടത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പഴയ മേൽപ്പാലം ഉണ്ടായ സമയത്ത് റോഡിന്റെ ഇരുവശങ്ങളിലും ഹമ്പുകളും സിഗ്നൽ വിളക്കുകളുമുണ്ടായിരുന്നു. അക്കാലത്ത് അപകടവും കുറവായിരുന്നു. കെഎസ്‌ടിപി പാത വന്നതോടെയാണ് ഹമ്പുകൾ നീക്കിയത്. ഉദുമ, കളനാട് ഭാഗങ്ങളിൽനിന്ന് വേഗതയിൽ വരുന്ന വാഹനങ്ങൾ റെയിൽവേ മേൽപാലത്തിനടുത്ത് എത്തിയാൽ മാത്രമാണ് വളവും മേൽപ്പാലവും കാണുക. ഉടൻ ബ്രേക്ക് അമർത്തുമ്പോൾ നിയന്ത്രണം തെറ്റി മേൽപ്പാലത്തിലെ സുരക്ഷ മതിലിടിച്ച് മറിയും.
കോൺക്രീറ്റിൽ നിർമിച്ച മതിൽ അപകടത്തിൽ തകർന്നാൽ പിന്നീട് നിർമിക്കുന്നത് സിമന്റ്കട്ട നിരത്തിയാണ്. ഇരുമ്പ് വേലിയും സ്ഥാപിക്കുന്നില്ല. അതിനാൽ വീണ്ടും ഇത് വാഹനമിച്ച് തകരുന്നു. മതിൽ പുനർനിർമിച്ച ദിവസം രാത്രി തന്നെ ലോറിയിടിച്ച് വീണ്ടും തകർന്നിരുന്നു. വെളിച്ചവും സിഗ്നൽ വിളക്കുകളും ഇല്ലാത്തതാണ് അപകടം വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
ശാശ്വത
പരിഹാരം വേണം
കളനാട് റെയിൽവേ മേൽപ്പാലത്തിന്റെ സുരക്ഷാ മതിൽ വാഹനമിടിച്ച് തകരുന്നത് സ്ഥിര സംഭവമായി. സംസ്ഥാനപാതയുടെ വളവിലാണ് മതിൽ. രാത്രിയിൽ മതിൽ തിരിച്ചറിയാനുള്ള സിഗ്നൽ ഇല്ലാത്തതാണ് അപകടത്തിന് പ്രധാന കാരണം. റെയിൽവേ അധികൃതർ നിർമിക്കുന്ന ബലഹീനമായ മതിലിന് പകരം ശാശ്വതമായ സംവിധാനം ഒരുക്കണം.
മൈമൂന അബ്ദുറഹ്മാൻ
ചെമ്മനാട് പഞ്ചായത്തംഗം
റെയിൽവേയുടെ
അനാസ്ഥ
അപകടത്തിന് പ്രധാന കാരണം റെയിൽവേയുടെ അനാസ്ഥയാണ്. അപകടം തടയാനാവശ്യമായ ഒരു നടപടിയും ഉണ്ടാകുന്നില്ല. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചാൽ അപകടം ഒരു പരധി വരെ നിയന്ത്രിക്കാൻ സാധിക്കും.
ചന്ദ്രൻ കൊക്കാൽ
സിപിഐ എം ഉദുമ
ഏരിയാ കമ്മിറ്റിയംഗം
ഡിവൈഡർ സ്ഥാപിക്കണം
റെയിൽവേ മേൽപാലത്തിന്റെ പടിഞ്ഞാർ ഭാഗത്താണ് കൂടുതൽ അപകടമുണ്ടാവുന്നത്.
നിരവധി പേരുടെ ജീവൻ നഷ്ടമായി. ഈ മേഖലയിൽ ഡിവൈഡർ, സിഗ്നൽ വിളക്കുകൾ, ഹമ്പുകൾ എന്നിവ സ്ഥാപിച്ചാൽ അപകടം ഒരുപരിധിവരെ നിയന്ത്രിക്കാനാവും.
സുനിൽ സുരേഷ്
ഉമേഷ് നഗർ
പരിസരവാസി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..