പെരിയ
ഗോത്രകലകളെ പൊതുവേദികളിൽ അവതരിപ്പിച്ച് ആദിവാസി കലാകാരർക്ക് പ്രചോദനമേകിയ ചാലിങ്കാലിലെ കൊട്ടിയമ്മക്ക് നൂറാം വയസിലും നിറയൗവനം. മംഗലംകളി ഉൾപ്പെടെയുള്ള നിരവധി ആദിവാസി കലാരൂപങ്ങൾക്ക് അരങ്ങിൽ നേതൃത്വം നൽകിയ കൊട്ടിയമ്മക്ക് പ്രായാധിക്യത്തിന്റെ അവശതയുണ്ടെങ്കിലും എവിടെയെങ്കിലും മംഗലം കളി അവതരിപ്പിക്കണമെന്ന് പറഞ്ഞാൽ എല്ലാം മറക്കും. താളാത്മകമായി ചുവട് വയ്‌ക്കും. ഒപ്പം കളിക്കുന്നവരെ കൂടി താളബോധത്തിലേക്ക് കൊണ്ടുവരാൻ ഇവർക്ക് അസാധാരണ കഴിവുണ്ട്. വിവിധ ക്ലബ്ബുകളും കൂട്ടായ്മകളും സംഘടിപ്പിച്ച കലാപരിപാടികളിൽ കൊട്ടിയമ്മ മംഗലം കളി നയിച്ചിട്ടുണ്ട്. വിവിധ കലാ-സാംസ്കാരിക സംഘടനകൾ അവരെ ആദരിച്ചിരുന്നു. ഈ കലാരൂപത്തിൽ പ്രാവീണ്യമുള്ള തലമുറയെ വാർത്തെടുക്കുന്നതിനും പ്രതിഫലം വാങ്ങാതെ കൊട്ടിയമ്മ മുൻകൈയെടുത്തു. പ്രദേശത്തെ നിരവധി കുട്ടികൾ മംഗലം കളിയിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ഇതരസമുദായങ്ങളിലുള്ള കുട്ടികളെ പോലും ഈ രംഗത്തേക്ക് അവർ കൈപിടിച്ചുയർത്തി.
നാട്ടുവൈദ്യത്തിലും കൊട്ടിയമ്മ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. ഭർത്താവ് തിരുമ്പൻ അറിയപ്പെടുന്ന നാട്ടു വൈദ്യനായിരുന്നു. വിവിധ ഔഷധച്ചെടികളുടെ ഇലകൾ ചതച്ചുണ്ടാക്കുന്ന നീര് ഉളുക്കും ക്ഷതവുമുള്ള ഭാഗത്ത് പിഴിഞ്ഞ് തടവി തിരുമ്പൻ ഭേദപ്പെടുത്തുമായിരുന്നു. ഭർത്താവിന്റെ മരണത്തോടെ ചികിത്സ കൊട്ടിയമ്മ ഏറ്റെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ചികിത്സയ്‌ക്കായി ആളുകൾ എത്തുന്നുണ്ട്. മക്കളും ചികിൽക്ക് ആവശ്യമായ സഹായം നൽകുന്നു. നൂറാം വയസിലും രോഗങ്ങളില്ലാതെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം തന്റെ നാട്ടുവൈദ്യമാണെന്ന് കൊട്ടിയമ്മ പറയുന്നു. ഗോപി, ശങ്കരൻ, കരുണാകരൻ, തൊപ്പിച്ചി, നാരായണി, പരേതനായ രാഘവൻ എന്നിവരാണ് കൊട്ടിയമ്മയുടെ മക്കൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..