പൊയിനാച്ചി
ഓഡിറ്റോറിയത്തിൽനിന്നുള്ള മലിന ജലം തോട്ടിലേക്ക് ഒഴുക്കി വിട്ടതിന് കമ്മിറ്റിയിൽനിന്നും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 15,000 രൂപ പിഴയീടാക്കി. മലിനജലം ഒഴുക്കി വിടുന്നത് തുടരാൻ പാടില്ലെന്നും ഏഴു ദിവസത്തിനകം ഉറവിടത്തിൽ ' മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള പ്രവൃത്തി പൂർത്തീകരിക്കണമെന്നും അതിനുശേഷമേ ഓഡിറ്റോറിയത്തിൽ ചടങ്ങുകൾ നടത്തുവാൻ പാടുള്ളുവെന്നും നിർദേശിച്ചു. കോ-ഓപ്പറേറ്റീവ് കോളേജിൽ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കൂട്ടിയിട്ടതിനും സംസ്‌കരണ സംവിധാനം ഇല്ലാത്തതിനുമായി 10,000 രൂപ അധികൃതരിൽ നിന്നും ഈടാക്കി. മാലിന്യങ്ങൾ തരംതിരിക്കാതെ കൂട്ടിയിട്ടതിന് പെർളടുക്കം കോപ്ലക്സ് ഉടമയിൽ നിന്നും തത്സമയപിഴ ഈടാക്കി. നയാബസാറിലെ അപാർട്മെന്റിൽ നിന്നുള്ള ഉപയോഗ ജലം കവിഞ്ഞൊഴുകിയതിനെ തുടർന്ന് 5000 രൂപ പിഴയീടാക്കി. പരിശോധനയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്മെന്റ് സ്‌ക്വാഡ് ലീഡർ കെ വി മുഹമ്മദ് മദനി, ഹെൽത്ത് ഇൻസ്പെക്ടർ ശാലിനി കെ എസ്, സ്‌ക്വാഡ് അംഗം ഇ കെ ഫാസിൽ, ഒ പി വിനേഷ് കുമാർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..