05 November Tuesday

ജനുവരിയിൽ 
ക്ലീൻ കാസർകോട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024
കാസർകോട്‌
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി അടുത്ത വറഷം ജനുവരി 26ന്  ജില്ലയെ മാലിന്യ മുക്തമായി പ്രഖ്യാപിക്കും. ഈ വർഷം ഒക്ടോബർ രണ്ടിന് ജില്ലയിലെ 777 വാർഡുകളിലും മാലിന്യമുക്ത പരിപാടിയും നടത്താൻ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു.  
ജനകീയ ക്യാമ്പയിന്റെ സുഗമമായ പ്രവത്തനത്തിന് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങണമെന്ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അഭ്യർഥിച്ചു.  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത സ്‌കൂളുകളുടെ പ്രഖ്യാപനം ഒക്ടോബർ രണ്ടിന് നടക്കും. പൈവളിഗെ നഗർ, അടൂർ, സൂരംബയൽ, കാറഡുക്ക, പെരിയ, മാലോത്ത് കസബ, പിലിക്കോട്, കയ്യൂർ, ഉദിനൂർ, ചീമേനി, കുട്ടമത്ത്, ചെമ്മനാട്, കൊട്ടോടി,  ബന്തടുക്ക,  പടന്ന കടപ്പുറം, മടിക്കൈ, ചെറുവത്തൂർ, ഉദുമ, ചന്ദ്രഗിരി, ദേലംപാടി,  കുണ്ടംകുഴി  എന്നീ സ്‌കൂളുകളിലാണ്‌ ഉദ്ഘാടന പരിപാടി. 
പിലിക്കോട്, ബളാംതോട്, പട്‌ള,  കുമ്പള, മാലോത്ത് കസബ, ചായ്യോത്ത്,  കക്കാട്ട്,  ഇരിയണ്ണി, കുണ്ടംകുഴി, അട്ടേങ്ങാനം, ചന്ദ്രഗിരി,  കുട്ടമത്ത്  എന്നിവിടങ്ങളിൽ പൂർത്തിയാക്കിയ തുമ്പൂർമൊഴി അറ്റ് സ്‌കൂൾ പദ്ധതിയും അന്ന്‌ ഉദ്‌ഘാടനം ചെയ്യും. വെള്ളിക്കോത്ത്, കുട്ടമത്ത്  എന്നിവിടങ്ങളിൽ പൂർത്തിയാക്കിയ ബയോഗ്യാസ് സംവിധാനവും പത്ത് വിദ്യാലയങ്ങളിൽ പൂർത്തിയാക്കിയ ഫ്രീ ഹാബ് ടോയ്‌ലറ്റുകളും അന്ന്‌ തുറക്കും.  പുതിയതായി ആരംഭിക്കുന്ന 18 വിദ്യാലയങ്ങളിലെ ആർഒ പ്ലാന്റുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപന തലത്തിലും വാർഡ് തലത്തിലും ഉദ്ഘാടന പരിപാടികൾ നടക്കും.  
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ കലക്ടർ കെ ഇമ്പശേഖർ, തദ്ദേശ ജോയിന്റ്‌ ഡയറക്ടർ ജെയ്‌സൺമാത്യു, നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്‌ണൻ, ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ഷാനവാസ് പാദൂർ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി ജയൻ, ജില്ലാ പ്ലാനിങ് ഓഫീസർ ടി രാജേഷ്, കുടുംബശ്രീ എഡിഎംസി സി എച്ച് ഇഖ്ബാൽ, ജില്ലാ പ്ലാനിങ്‌ ഓഫീസർ ടി രാജേഷ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഷാനവാസ് പാദൂർ, എസ് എൻ സരിത, ഗീതാ കൃഷ്ണൻ, ജാസ്മിൻ കബീർ, ചെർക്കള നജ്മറാഫി, ആർ റീത്ത, സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top