22 December Sunday

വൈദ്യുതി പ്രസരണ പ്രശ്‌നങ്ങൾക്ക്‌ 
പരിഹാരമായി ഓഫീസ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

 കാസർകോട്‌

കണ്ണൂർ വൈദ്യുതി സർക്കിൾ ഓഫീസിന്റെ എആർയു സ്റ്റേഷൻ കാസർകോട്‌ ഡിവിഷൻ ഓഫീസിന്റെ ഭാഗമായി അനുവദിക്കാൻ തീരുമാനം. ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ്‌ തീരുമാനം. ജില്ലയിലെ വൈദ്യുതി മേഖല നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം വൈദ്യുതി പ്രസരണവുമായി ബന്ധപ്പെട്ടാണ്. നിലവിൽ കണ്ണൂരിലുള്ള ട്രാൻസ്മിഷൻ സർക്കിൾ ഓഫീസാണ് ജില്ലയിലെ പ്രവർത്തനം കൂടി കൈകാര്യം ചെയ്യുന്നത്. ജില്ലയിൽ ട്രാൻസ്മിഷൻ സർക്കിൾ ഓഫീസ് വേണമെന്ന ആവശ്യം നിരവധി തവണ ഉന്നയിച്ചതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്‌  തീരുമാനം. സാമ്പത്തിക ഇടപാട്‌ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ ഓഫീസ് കൈകാര്യം ചെയ്യും.  
മലയോരമേഖലയിലെ വോൾട്ടേജ് പ്രശ്നത്തിന് പരിഹാരമായി ആവശ്യപ്പെട്ടിരുന്ന കുറ്റിക്കോൽ സബ്സ്റ്റേഷന്റെ പ്രവർത്തനം ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനും തീരുമാനിച്ചു. മൈലാട്ടി - വിദ്യാനഗർ മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈൻ അപ്ഗ്രേഡ് ചെയ്യുന്ന പ്രവൃത്തി ആറ്‌ മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഉഡുപ്പി- കരിന്തളം 400 കെവി ലൈനിന്റെ പ്രവൃത്തി ഭൂവുടമകളുടെ നഷ്ടപരിഹാര പ്രശ്നവുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടക്കുകയാണ്. ഇത്‌ പരിഹരിക്കാൻ 23 ന് തിരുവനന്തപുരത്ത് സമരസമിതി നേതാക്കളുമായി ചർച്ച നടത്തും. വിദ്യാനഗർ സബ്സ്റ്റേഷൻ 110 കെവിയിൽ നിന്നും 220 കെവി സബ്സ്റ്റേഷനായി ഉയർത്തും. ബേളൂർ സബ്സ്റ്റേഷൻ 33 കെവിയിൽ നിന്നും 110 കെവിയായി ഉയർത്തും. ഇതിനുള്ള നടപടി ആറ്‌ മാസത്തിനുള്ളിൽ സ്വീകരിക്കും. യോഗത്തിൽ എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എൻ എ നെല്ലിക്കുന്ന്, എം രാജഗോപാലൻ, എ കെ എം അഷറഫ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, കെഎസ്ഇബി ഉദ്യോഗസ്ഥരായ പി സുരേന്ദ്ര, സജി പൗലോസ്,  എന്നിവർ പങ്കെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top