മഞ്ചേശ്വരം
മജീർപള്ളയിൽ കവർച്ചാ സംഘത്തിലെ രണ്ടുപേർ പൊലീസ് പിടിയിൽ. കർണാടക സ്വദേശികളായ ഉള്ളാലിലെ ഫൈസൽ, തുംകൂറിലെ സഈദ് അമാൻ എന്നിവരാണ് മഞ്ചേശ്വരം ഇൻസ്‌പെക്ടർ ഇ അനൂബ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. കവർച്ചാ സംഘത്തിലെ നാലുപേർ ഓടി രക്ഷപ്പെട്ടു.
ഞായർ പുലർച്ചെ മൂന്നിന് മജീർപള്ളിയിൽ പൊലീസ് പെട്രോളിങ്ങിനിടെയാണ് സംഭവം. വോർക്കാടി ഭാഗത്തുനിന്നുമാണ് കവർച്ച സംഘം സഞ്ചരിച്ച കാർ വന്നത്. നമ്പർ പ്ലേറ്റ് ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോൾ കൈകാണിച്ചെങ്കിലും നിർത്താതെ അമിതവേഗത്തിൽ പോയി. പിന്തുടർന്ന പൊലീസ് നാട്ടുകാരുടെ സഹായത്തോടെ കാർ തടഞ്ഞു. ഇതിനിടയിൽ കാറിലുണ്ടയിരുന്ന നാലുപേർ നാട്ടുകാരെ ആക്രമിച്ച് ഓടി രക്ഷപ്പെട്ടു. രണ്ടുപേരെ പൊലീസും നാട്ടുകാരും സാഹസികമായി പിടികൂടി.
കാർ പരിശോധിച്ചപ്പോൾ ഗ്ലാസ് കട്ടർ, ഗ്യാസ് സിലിണ്ടർ, ഓക്‌സിജൻ സിലിണ്ടർ, കൊടുവാൾ, പിക്കാസ് എന്നിവ കണ്ടെടുത്തു. പിടികൂടിയ ഫൈസൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കവർച്ച ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി സംഘം എത്തിയതാണെന്നും വ്യക്തമായി. ഓടി രക്ഷപ്പെട്ട നാലുപേരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..