23 December Monday
സിപിഐ എം കുമ്പള ഏരിയാസമ്മേളനത്തിന്‌ തുടക്കം

അതിർത്തി ദേശത്ത്‌ ആവേശക്കാറ്റ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

സിപിഐ എം കുമ്പള ഏരിയാസമ്മേളനം കുമ്പള ഗോപാലകൃഷ്‌ണ ഓഡിറ്റോറിയത്തിലെ സീതാറാം യെച്ചൂരി നഗറിൽ സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

കുമ്പള
കന്നഡയും മലയാളവും ഇടകലർന്ന സംസ്‌കൃതിയുടെ മണ്ണിൽ പുതിയ കുതിപ്പിനായി സിപിഐ എം കുമ്പള ഏരിയാകമ്മിറ്റി. മേഖലയിലെ പാർടിയുടെ വാഴ്‌ചയും വീഴ്‌ചയും ചർച്ചചെയ്യുന്ന ഏരിയാസമ്മേളനത്തിന്‌ കുമ്പള ഗോപാലകൃഷ്‌ണ ഓഡിറ്റോറിയത്തിലെ സീതാറാം യച്ചൂരി നഗറിൽ ആവേശത്തുടക്കം.
ഭാസ്‌കര കുമ്പളയടക്കമുള്ള അനശ്വര പോരാളികളുടെ മണ്ണിൽ മുതിർന്ന പാർടി നേതാവ്‌ പി ഇബ്രാഹിം പതാക ഉയർത്തിയതോടെ സമ്മേളനത്തിന്‌ തുടക്കമായി. ബാലസംഘം കൂട്ടികൾ സ്വാഗത നൃത്തശിൽപം അവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. പ്രകാശ്‌ അമ്മണ്ണായ താൽക്കാലിക അധ്യക്ഷനായി. നസറുദീൻ മലങ്കരെ രക്തസാക്ഷി പ്രമേയവും എം എസ്‌ ശ്രീകാന്ത്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ ബി യൂസഫ്‌ സ്വാഗതം പറഞ്ഞു. പ്രകാശ് അമ്മണ്ണായ, നസറുദീൻ മലങ്കരെ, കെ ശാരദ, ചന്ദ്രഹാസ ഷെട്ടി എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. 
 100 പ്രതിനിധികളും 16 ഏരിയ കമ്മിറ്റി അംഗങ്ങളും അടക്കം 116 പേരാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌.  ഏരിയാസെക്രട്ടറി സി എ സുബൈർ അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ ഗ്രൂപ്പുചർച്ചയും  പൊതുചർച്ചയും നടന്നു. 21 പേർ ചർച്ചയിൽ പങ്കെടുത്തു.
തിങ്കളാഴ്‌ച ചർച്ചകൾക്ക്‌ മറുപടിയും പുതിയ ഏരിയാകമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും.  സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ പി ജനാർദനൻ, കെ ആർ ജയാനന്ദ, എം സുമതി, ജില്ലാകമ്മിറ്റി അംഗങ്ങളായ പി രഘുദേവൻ, ഡി സുബ്ബണ്ണ ആൾവ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.  
തിങ്കൾ വൈകിട്ട്‌ നാലിന്‌ കുമ്പള ടൗണിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ പൊതുസമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. പി കെ പ്രേംനാഥ്‌ മുഖ്യപ്രഭാഷണം നടത്തും. പകൽ മൂന്നിന്‌ ശാന്തിപ്പള്ളയിൽനിന്ന് കുമ്പള ടൗണിലേക്ക് ചുവപ്പു വളണ്ടിയർ മാർച്ചും ബഹുജന റാലിയും നടക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top