തൃക്കരിപ്പൂർ
മനസാന്നിധ്യവും ഒപ്പമുള്ളവരുടെ പിന്തുണയുമുണ്ടെങ്കിൽ പരിമിതികൾ ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് അമൽ സുഹാൻ. ദിവസം പത്ത് മണിക്കൂർ ഡയാലിസസിന് വിധേയനാകുന്ന പ്ലസ് ടു വിദ്യാർഥി തൃക്കരിപ്പൂർ വടക്കേകൊവ്വലിലെ അമൽ സുഹാൻ അതിജീവനത്തിന്റെ പാതയിൽ നാടിന് വിസ്‌മയമാവുന്നു. കമ്പ്യൂട്ടറിലും പാചകകലയിലും അവൻ തന്റെ മികവ് തെളിയിച്ചുകഴിഞ്ഞു.
പ്രവാസിയായ എം സുലൈമാന്റെയും എ റസിയാബിയുടെയും രണ്ടാമത്തെ മകനാണ് അമൽ സുഹാൻ. ജന്മനാ ബ്ലാഡർ തകരാറുണ്ടായതിനെത്തുടർന്ന് വൃക്കയെ ബാധിച്ച ക്രോണിക് കിഡ്നി രോഗംകാരണം ഒന്നര പതിറ്റാണ്ടായി ചികിത്സയിലാണ്. ആറ് വർഷമായി ദിവസവും പെരിട്ടോണിയൽ ഡയാലിസിസിന് വിധേയനാവുന്നു. ഡോക്ടർമാരുടെ നിർദേശത്തിൽ ഉമ്മ റസിയാബിയാണ് രാത്രി രണ്ടുഘട്ടമായി പത്ത് മണിക്കൂർ ഡയാലിസിസ് ചെയ്യുന്നത്. തൃക്കരിപ്പൂർ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയാണ് അമൽ സുഹാൻ. ബംഗളൂരുവിലെ സെന്റ് ജോൺസ് ആശുപത്രിയിൽ 17 വർഷം ചികിത്സയിലായിരുന്നു.
വീടിനകത്ത് കഴിഞ്ഞ കാലത്ത് അമൽ സുഹാൻ വെറുതെയിരുുന്നില്ല. യൂ ട്യൂബ് വഴി പലതും പഠിച്ചെടുത്തു. കംപ്യൂട്ടർ അസംബ്ലിങ് പഠിച്ച് മദർ ബോർഡ്, റാം, പ്രൊസസർ, സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, കാബിനറ്റ്, പവർ സപ്ലൈ എന്നിവ ഓൺ ലൈനിൽ വാങ്ങി.
വീട്ടിൽ 16 ജിബി സ്റ്റോറേജുള്ള കംപ്യൂട്ടർ സ്വന്തമായി നിർമിച്ചു.
വീട്ടിലെ ടിവി മോണിറ്ററാക്കി. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ജാപ്പനീസ് ഭാഷകൾ പഠിച്ചെടുത്തു. ഉമ്മ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ചേരുവ നോക്കി മനസിലാക്കി പാചകകലയിലും മിടുക്ക് തെളിയിച്ചു. യൂട്യൂബിൽ സോസി ഹബ് എന്ന ഇടവുമുണ്ട്. ഫിഷ് ബിരിയാണി, ബട്ടർ ചിക്കൻ തുടങ്ങി ഇതിനകം 17 ഓളം ഇനങ്ങൾ പാചകം ചെയ്ത് ഷൂട്ട് ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ഭിന്നശേഷി വാരാചരണ ഭാഗമായി അമൽ സുഹാന്റെ വീട്ടിൽ അധ്യാപകരും കൂട്ടുകാരുമെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..