12 December Thursday

ഡിവൈഎസ്‌പി ഓഫീസിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024

മൻസൂര്‍ നഴ്സിങ് കോളേജിൽ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മാനേജ്മെന്റിനെ സംരക്ഷിക്കുന്ന പൊലീസ്‌ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഓഫീസിലേക്ക്‌ 
ഡിവൈഎഫ്‌ഐ നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി രജീഷ്‌ വെള്ളാട്ട്‌ ഉദ്‌ഘാടനംചെയ്യുന്നു

കാഞ്ഞങ്ങാട്
മൻസൂർ നഴ്സിങ് കോളേജിൽ മൂന്നാം വർഷ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം പടരുന്നു. മാനേജ്മെന്റിനെ സംരക്ഷിക്കുന്ന പൊലീസ്‌ നടപടിയിലും എസ്എഫ്ഐ  മാർച്ചിനുനേരെ നടന്ന പൊലീസ്‌ ലാത്തിച്ചാർജിലും പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ കമ്മിറ്റി ഡിവൈഎസ്‌പി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. 
തിങ്കളാഴ്‌ചയാണ്‌ ആശുപത്രിയിലേക്ക്‌ മാർച്ച്‌ ചെയ്‌ത എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ്‌ തല്ലിച്ചതച്ചത്‌. പെൺകുട്ടി മരണാസന്നയായി കിടക്കുമ്പോൾ നീതി തേടി നടത്തുന്ന സമരം അടിച്ചമർത്തുന്നത്‌, എൽഡിഎഫ്‌ സർക്കാരിന്റെ നയമല്ലെന്ന്‌ ഡിവൈഎഫ്‌ഐ നേതാക്കൾ ചൂണ്ടിക്കാട്ടി. നീതിക്കൊപ്പം നിൽക്കാത്ത പൊലീസുകാരുടെ വ്യക്തിപരമായ അജണ്ട തുറന്നുകാട്ടുമെന്നും നേതാക്കൾ പറഞ്ഞു.
ഡിവൈഎസ്‌പി ഓഫീസിന്‌ മുന്നിൽ, എഎസ്‍പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരെ തടഞ്ഞു. 
മാർച്ച്‌ ജില്ലാസെക്രട്ടറി രജീഷ്‌ വെള്ളാട്ട്‌ ഉദ്‌ഘാടനംചെയ്‌തു.  വിപിൻ ബല്ലത്ത്‌ അധ്യക്ഷനായി. സംസ്ഥാന കമിറ്റിയംഗം കെ സബീഷ്‌ സംസാരിച്ചു.  വി ഗിനീഷ്‌ സ്വാഗതം പറഞ്ഞു.
നഴ്സിങ് വിദ്യാർഥിനിയുടെ
 ആത്മഹത്യാ ശ്രമം
വനിതാ കമീഷനും
പൊലീസും കേസെടുത്തു
കാഞ്ഞങ്ങാട്‌
മൻസൂര്‍ നഴ്‌സിങ് കോളേജിലെ വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട്‌ വനിതാ കമീഷനും പൊലീസും കേസെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ വാർഡനെതിരെയാണ് കേസ്‌. വനിതാകമീഷൻ അംഗം അഡ്വ. പി പി കുഞ്ഞായിഷ കോളേജിലെത്തി വിദ്യാർഥികളിൽ നിന്ന്‌ മൊഴിയെടുത്തു. വാർഡനിൽ നിന്ന്‌ അനുഭവിച്ച പീഡനങ്ങൾ വിദ്യാർഥിനികൾ കമീഷന് മുന്നിൽ അവതരിപ്പിച്ചു. 
ആത്മഹത്യാശ്രമം നടത്തിയ പെൺകുട്ടി പ്രതികരണശേഷി കുറഞ്ഞ ആളായതിനാൽ വാര്‍ഡൻ ഉപദ്രവിക്കുന്നത് പതിവായിരുന്നു. തലേന്ന് രാത്രിയും പ്രശ്നങ്ങൾ ഉണ്ടായെന്ന് പെൺകുട്ടിയുടെ കൂടെ താമസിക്കുന്നവരും സഹപാഠികളും പറഞ്ഞു. 15 ദിവസത്തിനകം ജില്ലാ പൊലീസ്‌ മേധാവിയോട് കമീഷൻ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സമഗ്രാന്വേഷണം വേണം
കാസർകോട്‌
കാഞ്ഞങ്ങാട്‌ മൻസൂർ നഴ്‌സിങ്‌ കോളേജിൽ വിദ്യാർഥി ആത്മഹത്യക്ക്‌ ശ്രമിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
കോളേജ്‌ വാർഡനെതിരായി വിദ്യാർഥികൾ നിരന്തരം പരാതി ഉന്നയിക്കുന്നുണ്ട്‌. ആശുപത്രി അധികൃതരിൽനിന്നും കടുത്ത സമ്മർദ്ദം പലരീതിയിൽ കുട്ടികൾക്കുണ്ടാകുന്നുവെന്നാണ്‌ മനസ്സിലാക്കുന്നത്‌. 
വലിയ ചെലവിൽ പഠനം നടത്തുന്ന കുട്ടികൾ, പലതും ഭയം കാരണം മറച്ചുവക്കാൻ നിർബന്ധിതരാകുന്നുണ്ട്‌. കോളേജിലെ വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും വിദ്യാർഥികളുടെ ഭയം അകറ്റാനും അടിയന്തിരമായി നടപടി ഉണ്ടാകണമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ പി സി സുബൈദയും സെക്രട്ടറി എം സുമതിയും പ്രസ്‌താവനയിൽ പറഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top