25 December Wednesday
ഹോംഗാർഡിനെ അഗ്നിരക്ഷാ സേനയിലേക്ക്‌ തിരിച്ചയച്ചു

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: എസ്‌ഐക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

എസ്ഐ പി അനൂബ്

കാസർകോട്‌
നഗരത്തിലെ ഓട്ടോ തൊഴിലാളിയായ അബ്ദുൾസത്താറിന്റെ ആത്മഹത്യക്ക് കാരണക്കാരനായ എസ്‌ഐ പി അനൂബിനെ അന്വേഷണവിധേയമായി ജില്ലാ പൊലീസ്‌ മേധാവി ഡി ശിൽപ സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. കാസർകോട്‌ അഡീഷണൽ എസ്‌പി പി ബാലകൃഷ്‌ണൻ നായർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ്‌ നടപടി. പൊലീസ്  കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടുകൊടുക്കാൻ കാലതാമസം വരുത്തിയതാണ്‌ അബ്ദുൾസത്താറിന്റെ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. 
ഗതാഗതക്കുരുക്കുണ്ടാക്കിയെന്ന്‌ എസ്‌ഐ പറയുന്ന സമയത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ്‌ വൈ കൃഷ്‌ണനെ അഗ്നിരക്ഷാ സേനയിലേക്ക്‌ തിരിച്ചയച്ചു. എസ്‌ഐ പി അനൂബിനെ സംഭവദിവസംതന്നെ കാസർകോട്‌ സ്‌റ്റേഷനിൽനിന്നും ചന്തേരയിലേക്കും ഹോംഗാർഡ്‌ കൃഷ്‌ണനെ കുമ്പളയിലേക്കും സ്ഥലംമാറ്റിയിരുന്നു. ആത്മഹത്യ സംബന്ധിച്ച്‌ ജില്ലാ ക്രൈംബ്രാഞ്ച്‌ നേതൃത്വത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്‌. എസ്‌ഐയെ സസ്‌പെൻഡ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ സിപിഐ എമ്മും സിഐടിയുവും ഓട്ടോ തൊഴിലാളി യൂണിയനും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക്‌ കത്തയച്ചിരുന്നു. ഇതേ തുടർന്നാണ്‌ ദ്രുതഗതിയിൽ റിപ്പോർട്ട്‌ തേടി അടിയന്തരമായി സസ്‌പെൻഡ്‌ ചെയ്‌തത്‌.
ജനകീയ പൊലീസ് നയവുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന്‌ പേരുദോഷമുണ്ടാക്കുന്ന പ്രവൃത്തിയാണ്‌ എസ്‌ഐ നടത്തിയത്‌. മുമ്പ്‌ ജോലിചെയ്‌തിരുന്ന സ്‌റ്റേഷനുകളിലും പലതരത്തിലുള്ള സംഘർഷാവസ്ഥയുണ്ടാക്കാൻ എസ്‌ഐ ശ്രമിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവരുന്നുണ്ട്‌. ഓട്ടോറിക്ഷ ഡ്രൈവർമാരോട്‌ തട്ടിക്കയറുന്നത്‌ ഇയാളുടെ പതിവ്‌ രീതിയാണെന്നും ആക്ഷേപമുണ്ട്‌. പലപ്പോഴും മേലുദ്യോഗസ്ഥർ ഇടപെട്ടാണ്‌ എസ്‌ഐയെ നടപടിയുണ്ടാകുന്നതിൽനിന്നും സംരക്ഷിച്ചിരുന്നത്‌.  
ജീവനൊടുക്കുംമുമ്പ്‌ അബ്ദുൾസത്താർ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട ലൈവ്‌ വീഡിയോയിൽ നാലുദിവസം എസ്‌ഐയിൽനിന്നുണ്ടായ മാനസിക പീഡനത്തെക്കുറിച്ച്‌ വിശദമായി പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തിന്‌ പിന്നാലെയാണ്‌ ഓട്ടോ ഡ്രൈവർമാരുമായി തർക്കത്തിലേർപ്പെടുന്ന വീഡിയോകൾ പുറത്തുവന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top