കാസർകോട്
ഭൂജല ക്ഷാമത്തിൽ സെമി ക്രിട്ടിക്കൽ വിഭാഗത്തിലുള്ള കാസർകോട് ബ്ലോക്കിലെ മുഴുവൻ കുഴൽ കിണറുകളുടെയും വിവരം ശേഖരിക്കാൻ കുടുംബശ്രീയെ ചുമതലപ്പെടുത്തി. വിവര ശേഖരണം ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കാൻ കലക്ടർ കെ ഇമ്പശേഖർ നിർദ്ദേശം നൽകി.
ജൽ ശക്തി അഭിയാൻ ജില്ലാതല അവലോകന യോഗത്തിലാണ് നിർദേശം നൽകിയത്. കുഴൽ കിണറുകൾ റീചാർജ് ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായാണ് വിവരശേഖരണം. മൊഗ്രാൽപുത്തൂർ, ചെങ്കള പഞ്ചായത്തുകളിലെ കുഴൽ കിണറുകളുടെ വിവരശേഖരണം മാത്രമാണ് അവശേഷിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഇവ ഉടൻ പൂർത്തിയാക്കും.
ജില്ലയിലെ ജലാശയങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ സർവേ രേഖകളുമായി ഒത്തു നോക്കുന്നതിന് നടപടി സ്വീകരിക്കാൻ സർവേ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. നിലവിൽ സർവേ പൂർത്തീകരിച്ച വില്ലേജുകളിലെ ജലാശയങ്ങളുടെ വിവരങ്ങൾ റവന്യൂ രേഖകളുമായി ഒത്തു നോക്കുന്നതിനും പുഴകൾ ഉൾപ്പെടെ ജലാശയങ്ങളിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാനും കലക്ടർ നിർദേശിച്ചു.
ജില്ലയിലെ ക്വാറികളുടെ വിവരം ശേഖരിക്കുന്നതിനും ഉപേക്ഷിക്കപ്പെട്ട ക്വാറികൾ വേലികെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കാനും മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെ ചുമതലപ്പെടുത്തി. ജലസംരക്ഷണ പ്ലാൻ തയ്യാറാക്കുന്നതിന് നവ കേരള മിഷന് നിർദ്ദേശം നൽകി. ജില്ലയിലെ സുരംഗങ്ങളുടെ വിവരശേഖരണം നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..