22 December Sunday
പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡ് നീട്ടി

കണ്ടെടുത്തത്‌ 103 പവൻ

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം സി അബ്ദുൾ ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ബാര മീത്തൽ മാങ്ങാട്ടെ കെ എച്ച് ഷമീനയെ 
കാസർകോട്ടെ ജ്വല്ലറിയിൽ തെളിവെടുപ്പിന്‌ എത്തിച്ചപ്പോൾ

 

പള്ളിക്കര
പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം സി അബ്ദുൾ ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയ കേസിന്റെ തെളിവെടുപ്പിനിടെ അന്വേഷണസംഘം  വിവിധ ജ്വല്ലറികളിൽനിന്നും സഹകരണ സ്ഥാപനത്തിൽനിന്നും കണ്ടെടുത്തത് 103 പവൻ സ്വർണം. മൂന്നുദിവസത്തേക്ക്‌ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളായ ബാര മീത്തൽ മാങ്ങാട്ടെ കെ എച്ച് ഷമീന (ജിന്നുമ്മ –- 38), ഭർത്താവ് ഉളിയത്തടുക്ക നാഷണൽ ന​ഗറിലെ ടി എം ഉബൈസ് (38), പൂച്ചക്കാട് മുക്കൂട് ജീലാനി നഗറിലെ പി എം അസ്നിഫ (40) മധൂർ കൊല്യയിലെ ആയിഷ(50) എന്നിവരെ ബുധനാഴ്‌ച തെളിവെടുപ്പിന്‌ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. 
അബ്ദുൾഗഫൂർ ഹാജിയിൽനിന്നും പ്രതികൾ കൈക്കലാക്കിയത് 596 പവൻ സ്വർണമാണ്. ഈ സ്വർണം വിവിധ ജ്വല്ലറികളിലും സഹകരണ സ്ഥാപനങ്ങളിലുമായി വിൽക്കുകയും പണയപ്പെടുത്തുകയും ചെയ്‌തു. കാസർകോട്ടെ മൂന്ന് ജ്വല്ലറികളിലും ചട്ടഞ്ചാലിനടുത്ത ഒരു സഹകരണസ്ഥാപനത്തിലും പ്രതികളുമായി നടത്തിയ പരിശോധനയിലാണ് കൂടുതൽ സ്വർണം കണ്ടെടുത്തത്. സഹകരണ സ്ഥാപനത്തിൽനിന്ന്‌ 10 പവനാണ്‌ കണ്ടെത്തിയത്‌. 
മുഴുവൻ സ്വർണവും കണ്ടെടുക്കുന്നതിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനും പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് കാസർകോട് ഡിസിആർബി ഡിവൈഎസ്‌പി കെ ജെ ജോൺസൺ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ടേറ്റ്‌ കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ കോടതി മൂന്ന് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതിനാൽ തെളിവെടുപ്പ് തൽക്കാലം നിർത്തി. പ്രതികൾക്ക് ഒത്താശ ചെയ്ത ചിലരെ അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ചിലരെ കൂടി കേസിൽ പ്രതിചേർക്കും. 
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി തിരുവനന്തപുരത്തെ കേസുമായി ബന്ധപ്പെട്ട് അങ്ങോട്ട്‌ പോയിരിക്കുകയാണ്‌. അവധി കഴിഞ്ഞെത്തി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. അതിനിടെ, കൊല്ലപ്പെട്ട അബ്ദുൽ ഗഫൂർ ഹാജിയുടെ മാതാവ് കുത്സുമ്മയെ കേസിൽ കക്ഷി ചേർക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. 2023 എപ്രിൽ 14ന്‌ പുലർച്ചെയാണ്‌ പ്രവാസി വ്യവസായിയായ പൂച്ചക്കാട്ടെ എം സി അബ്ദുൾ ഗഫൂർ ഹാജി വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top