പുല്ലൂർ
ഭർത്താവിന്റെ അകാലത്തുള്ള വേർപാട് രജനിയെ ഒരിക്കൽ തളർത്തിയതാണ്. എന്നാൽ ഭിന്നശേഷിക്കാരനായ മകന്റെ സംരക്ഷണം തന്റെ ചുമതലയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾ ജീവിതത്തോട് പൊരുതി. പുല്ലൂർ തടത്തിൽ തൊടുപ്പനത്തെ എൻ രജനിയും രണ്ടുമക്കളും അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് സമാനതയില്ല.
ബേക്കറി വീടുകൾ തോറും വിൽപ്പന നടത്തിയാണ് രജനി വരുമാനം കണ്ടെത്തുന്നത്. ചില ദിവസങ്ങൾ വസ്ത്രങ്ങളും വിൽപ്പനക്കുണ്ട്. സുഖമില്ലാത്ത ചെറിയ കുട്ടിയെ രാവിലെ സഹോദരന്റെ വീട്ടിൽ നിർത്തിയാണ് രജനി ബേക്കറി വിൽപ്പനക്കിറങ്ങുന്നത്. എട്ടുവയസുകാരനായ കാർത്തിക് അധികസമയം എവിടെയും അടങ്ങിയിരിക്കില്ല. അമ്മയെ ഏറെ നേരം കാണാതിരുന്നാൽ അവൻ ബഹളം വെക്കും. സ്വന്തം വീട്ടിലേക്ക് ഓടിപ്പോകും. അതിനാൽ, ഉച്ചയോടെ രജനിക്ക് തിരികെയെത്തേണ്ടിവരും.
രജനിയും ഭർത്താവ് കെ ഭാസ്കരനും തൊടുപ്പനത്തെ പുറമ്പോക്ക് സ്ഥലത്ത് 15 വർഷം മുമ്പാണ് കുടിൽ കെട്ടി താമസം തുടങ്ങിയത്. ഭാസ്കരൻ ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. മൂന്നുവർഷം മുമ്പാണ് കോവിഡ് ബാധിച്ച് ഭാസ്‌കരൻ മരിച്ചത്. മറ്റൊരു മകൻ ബൈജു ഇപ്പോൾ ഈ ഓട്ടോ ഓടിക്കുന്നു. ഇതിനിടെ കാർത്തികിന് ഹൃദയസംബന്ധമായ ശസ്ത്രക്രിയ വേണ്ടിവന്നു. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. എൻഡോസൾഫാൻ ലിസ്റ്റിൽപെട്ട കുട്ടിയായതിനാൽ ഇതിന് വേണ്ട സാമ്പത്തിക സഹായം സർക്കാരിൽ നിന്ന് ലഭിച്ചു. ഏതുസമയത്തും അസുഖം വരാമെന്നതിനാൽ കുട്ടിയുടെ ആരോഗ്യസ്ഥിതിയോർത്ത് ഈ വീട്ടമ്മ ആധിയിലാണ്. ഒരുവർഷം മുമ്പാണ് തൊടുപ്പനത്തെ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നതിനുള്ള പട്ടയം രജനിക്ക് ലഭിച്ചത്. അടച്ചുറപ്പുള്ള നല്ലൊരു വീട് ഇല്ലാത്തത് രജനി സങ്കടമായി കൊണ്ടുനടക്കുന്നു. ലൈഫ് ഭവനപദ്ധതി പ്രകാരം അപേക്ഷ നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..