17 September Tuesday
കരളിനായി നാടാകെ ബിരിയാണി

15 ലക്ഷം കിട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

കരൾ രോഗ ചികിത്സക്കായി നടത്തിയ ചലഞ്ചിന്റെ ഭാഗമായി വള്ളിക്കടവിലെ സെന്റ് ജോർജ് പാരീഷ് ഹാളിൽ ബിരിയാണി വിതരണത്തിനായി തയ്യാറെടുക്കുന്നു

വെള്ളരിക്കുണ്ട്
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നാടാകെ ബിരിയാണി ചലഞ്ച്‌ ഏറ്റെടുത്തപ്പോൾ പിരിഞ്ഞുകിട്ടിയത്‌ 15 ലക്ഷം രൂപ. പതിനായിരം ബിരിയാണിയാണ്‌ നാടാകെ വിതരണം ചെയ്‌തത്‌. മാലോം വള്ളിക്കടവിലെ കൊച്ചുമറ്റത്തിൽ സ്കറിയ ഐസക്കിന്റെ (ജോയൻ ) ചികിത്സക്കാണ്‌ നാട്ടുകാർ ബിരിയാണി ചലഞ്ച്‌ നടത്തിയത്‌.
നിർധന കുടുംബത്തിന്റെ ഏക ആശ്രയമാണ്‌ 52 കാരനായ ജോയൻ. ഒരുവർഷമായി കരൾരോഗം ബാധിച്ച് ചികിത്സയിലാണ്‌. 17 വയസുള്ള മകൻ എഡിസൻ കരൾ നൽകാൻ മുന്നോട്ടുവന്നു. ചികിത്സ ചെലവിന് 30 ലക്ഷം രൂപ കണ്ടെത്തണം. ഇതോടെ നാട്ടുകാർ വാട്‌സാപ്പ്‌ ഗ്രൂപ്പുമായി രംഗത്തിറങ്ങി. ജനകീയ കമ്മിറ്റിയും രൂപീകരിച്ചു. ഗിരീഷ് വട്ടക്കാട്ട്  ചെയർമാനും ജോബി കാര്യവിൽ ജനറൽ കൺവീനറും  പി ജി വിനോദ് കുമാർ ട്രഷററുമായ കമ്മറ്റിയാണ്‌ ബിരിയാണി ചലഞ്ച്‌ നടത്തിയത്‌.  മാലോത്ത് കസബ സ്കൂളും  വിവിധ ക്ലബുകളും ഒപ്പം ചേർന്നു. ഏഴര ലക്ഷം രൂപ സംഭാവനയായി കിട്ടി. 
ബിരിയാണിക്കുള്ള 35 ക്വിന്റൽ കോഴി, 16 ക്വിന്റൽ അരി, ഏഴ്‌ ക്വിന്റൽ സവോള, 300 ലിറ്റർ വെളിച്ചെണ്ണ, നൂറോളം ചെമ്പ്‌ പാത്രം, നാലുലോഡ് വിറക് എന്നിവ വള്ളിക്കടവ് പള്ളിമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പാചകപ്പുരയിൽ എത്തി. 16 അടുപ്പിൽ ശനി രാവിലെ മുതൽ ഞായറാഴ്‌ച രാവിലെ വരെ അഞ്ഞൂറിലധികം ആളുകൾ അണിനിരന്നാണ്‌ ബിരിയാണി തയ്യാറാക്കിയത്‌.
 ബിരിയാണി പാക്ക്‌ ചെയ്യാൻ സ്ത്രീകൾ അടക്കം മുന്നൂറിൽ അധികം ആളുകൾ വള്ളിക്കടവ് സെന്റ് ജോർജ് പാരീഷ് ഹാളിൽ എത്തി.  വാഹനങ്ങളിൽ ബിരിയാണി വിതരണം നടന്നു. രാവിലെ ഏഴ് മുതൽ തുടങ്ങിയ വിതരണം പകൽ 12 ന്‌ അവസാനിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top