വെള്ളരിക്കുണ്ട്
വെള്ളരിക്കുണ്ടിലെ പരപ്പ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒപി കെട്ടിടം ഉദ്‌ഘാടന സജ്ജമായി. സംസ്ഥാന സർക്കാർ പട്ടിക വർഗ വികസന ഫണ്ടിൽനിന്ന് രണ്ട് കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം ശനി രാവിലെ 10ന് മന്ത്രി ജെ ചിഞ്ചുറാണി നാടിന് സമർപ്പിക്കും. താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലെ ഈ ആതുരാലയം അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രയാസത്തിലായിരുന്നു. 1969–-ൽ റൂറൽ ഡിസ്പെൻസറിയായി തുടങ്ങി 1986–-ൽ പ്രാഥമികാരോഗ്യ കേന്ദ്രമായി മാറിയ ഈ ആതുരാലയത്തിൽ 2009 ലാണ് ഐപി ആരംഭിച്ചത്. കിഴക്കൻ മലയോരത്ത് കിടത്തി ചികിത്സയുള്ള സർക്കാർ ആശുപത്രിയാണിത്. 2021 ലാണ് ഇത് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. തുടക്കത്തിൽ ജനകീയ കമ്മിറ്റി സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് നിർമിച്ചുനൽകിയ ഓടിട്ട കെട്ടിടമായിരുന്നു. മൂന്നുഘട്ടങ്ങളിലായി 24 പേരെ കിടത്തി ചികിത്സിക്കാൻ അനുമതി ലഭിച്ചു. സ്ഥലപരിമിതി കാരണം 12 കിടക്ക മാത്രമേ ഉപയോഗിക്കാനാവൂ. രോഗികൾ അധികമായാൽ പഴയ കെട്ടിടത്തിന്റെ വരാന്തയിലും ബെഡ്ഡിടും. അഞ്ച് ഡോക്ടർമാരടക്കം 35 ജീവനക്കാർ ജോലി ചെയ്യുന്നു. ബളാൽ, എടത്തോട്, വെള്ളരിക്കുണ്ട്, കനകപ്പള്ളി എന്നിവിടങ്ങളിലായി ഇതിന്റെ കീഴിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ജില്ലയിൽ ആദിവാസി കുടുംബങ്ങൾ ഏറെയുള്ള ബ്ലോക്കാണ് പരപ്പ. കിടത്തിചികിത്സ ആവശ്യമുള്ള രോഗികൾ ഇവിടെ നിന്നും അടുത്ത സർക്കാർ ആശുപത്രിയിൽ എത്തണമെങ്കിൽ 45 കിലോമീറ്റർ യാത്ര ചെയ്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തണം. വർഷത്തിൽ 80,000 പേർ ഒപിയിലും 3000 പേർ ഐപിയിലും ചികിത്സ തേടുന്നു. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കിനാനൂർ കരിന്തളം, കോടോം ബേളൂർ എന്നിവിടങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ആശുപത്രിയാണിത്. പുതിയ കെട്ടിടത്തിൽ ഒപിയും ഫാർമസിയും ലാബും പ്രവർത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..