ചീമേനി
അനശ്വര ഓർമയായ ചീമേനി രക്തസാക്ഷികൾക്ക് നിത്യസ്‌മരകമുയർന്നു. അഞ്ച് രക്തസാക്ഷികളുടെ രക്തം വീണ മണ്ണിൽ പുതിയ സ്‌മാരക മന്ദിരം 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ചെറുവത്തൂർ ഏരിയയിലെ മുഴുവൻ പാർടി അംഗങ്ങളിൽ നിന്നും കയ്യൂർ ചീമേനി പഞ്ചായത്തിലെ പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തുക സമാഹരിച്ചാണ് രക്തസാക്ഷി മന്ദിരം പൂർത്തിയാക്കിയത്. സന്ദർശകർക്കുള്ള സൗകര്യം, വിദ്യാർഥികൾക്ക് റഫറൻസിനുള്ള സൗകര്യം, വായിക്കാനുള്ള പുസ്‌തകം എന്നിവയും മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്.
1987 മാർച്ച് 23ന് കോൺഗ്രസുകാർ തീവച്ച് നശിപ്പിച്ച പാർടി ഓഫീസ് അതേപോലെ സിപിഐ എം സംരക്ഷിച്ച് പോന്നിരുന്നു. ഈ പാർടി ഓഫീസും സ്ഥലവും മറ്റ് നിർമാണ പ്രവർത്തനം നടത്താതെ അതുപോലെ സംരക്ഷിക്കണമെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ നിത്യേന ധാരാളം സന്ദർശകർ എത്തുന്നതടക്കം പരിഗണിച്ചാണ്, സ്മാരകം നിലവിലെ കെട്ടിടത്തിന്റെ തനിമ നഷ്ടപ്പെടാതെ പുതുക്കിയത്. ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനൻ ചെയർമാനും കയനി കുഞ്ഞിക്കണ്ണൻ കൺവീനറുമായ നിർമാണ കമ്മിറ്റി നേതൃത്വത്തിലാണ് മന്ദിരം നിർമിച്ചത്.
1987 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് കോൺഗ്രസുകാരുടെ സമാനതയില്ലാത്ത ക്രൂരത അരങ്ങേറിയത്. ചീമേനി പാർടി ഓഫീസിൽ തെരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിക്കുകയായിരുന്നു സിപിഐ എം പ്രവർത്തകർ. പാർടി ഓഫീസിലേക്ക് മണ്ണെണ്ണയും പെട്രോളും ഒഴിച്ച് തീ കൊളുത്തി. അകത്തുണ്ടായിരുന്ന മുഴുവൻ പേരെയും കൊല്ലാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നിവർ നരനായാട്ടിൽ രക്തസാക്ഷികളായി.
15ന് മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും
ചെറുവത്തൂർ
ചീമേനി രക്തസാക്ഷി മന്ദിരം 15ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചടങ്ങിൽ ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ അധ്യക്ഷനാകും. സ്‌മാരക ഹാൾ സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രനും ലൈബ്രറി സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പുവും ഉദ്‌ഘാടനംചെയ്യും. മുൻ കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ രക്തസാക്ഷികളുടെ ഫോട്ടോ അനാഛാദനം ചെയ്ത്, രക്തസാക്ഷി കുടുംബങ്ങളെ ആദരിക്കും. സ്‌മാകര ഹാളിലെ ഫോട്ടോ ജില്ലാ സെക്രട്ടറിയറ്റംഗം എം രാജഗോപാലൻ എംഎൽഎ അനാഛാദനംചെയ്യും. രക്തസാക്ഷി മന്ദിരത്തിൽ ചെറുവത്തൂർ ഏരിയാ സെക്രട്ടറി മാധവൻ മണിയറ പതാക ഉയർത്തും.
വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിറ്റംഗം പി ജനാർദനൻ, ജില്ലാ കമ്മിറ്റിയംഗം കെ സുധാകരൻ, ഏരിയാസെക്രട്ടറി മാധവൻ മണിയറ, പി കമലാക്ഷൻ, കെ ബാലകൃഷ്‌ണൻ, എം കെ നളിനാക്ഷൻ, വി വി ജനാർദനൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..