നീലേശ്വരം
നാടിന്റെ ചിരകാല സ്വപ്നമായ പാലം യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് മടിക്കൈ പുളിക്കാൽ നിവാസികൾ. നീലേശ്വരം –- കാഞ്ഞിരപൊയിൽ റോഡിൽ പുളിക്കാലിലെ ചാലിൽ പുതുക്കിപ്പണിത പാലം 15 ന് രാവിലെ ഒമ്പതിന് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായ പഴയപാലം പൊളിച്ചാണ് 3 കോടി 29 ലക്ഷം രൂപ ചിലവിൽ പുതിയ പാലം നിർമിച്ചത്. ദേശീയപാതയിൽ പടന്നക്കാട് നിന്നും കിഴക്കൻ മലയോര മേഖലയിലേക്ക് എളുപ്പത്തിൽ എത്താവുന്ന നിർദിഷ്ട പടന്നക്കാട്- –- വെള്ളരിക്കുണ്ട് റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് പാലം പുതുക്കിപ്പണിതത്. നിലവിലുള്ള റോഡ് വീതികൂട്ടി, കയറ്റവും ഇറക്കവും വളവും കുറച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മടിക്കെെ, കോടോം -ബേളൂർ, കിനാനൂർ -കരിന്തളം പഞ്ചായത്തുകളിലൂടെ റോഡ് കടന്നുപോകും. പടന്നക്കാട് നിന്നും തുടങ്ങി നമ്പ്യാർക്കാൽ, ഉപ്പിലിക്കൈ ചതുരക്കിണർ വഴി കൂലോം റോഡിലേക്കും അവിടെ നിന്ന് മൂന്നുറോഡ്, മയ്യങ്ങാനം പാലം വഴി കാലിച്ചാനടുക്കം ടൗണിലുമെത്തും. തുടർന്ന് ആനപ്പെട്ടി, ബാനം, പന്നിത്തടം വഴി വെള്ളരിക്കുണ്ടിൽ എത്തുന്ന വിധം 32 കിലോമീറ്റർ പാതയാണ് പദ്ധതിയിൽ.
2018ലെ ബജറ്റിൽ 60 കോടി അനുവദിച്ച പടന്നക്കാട് -–- വെള്ളരിക്കുണ്ട് റോഡ് വികസനപദ്ധതിയിൽ ഉൾപ്പെട്ടതാണ് പുളിക്കാൽ പാലം പുതുക്കിപ്പണിയൽ. നഗരസഭാ പ്രദേശത്തെ ചിലയിടങ്ങളിലെ സ്ഥലമെടുപ്പിലെ തർക്കം കാരണം പദ്ധതി നീളുകയായിരുന്നു. പുതിയ എസ്റ്റിമേറ്റിൽ 79 കോടി രൂപയാണ് വകയിരുത്തിയത്. ആനപ്പെട്ടി, ബാനം പാലങ്ങളുടെ നിർമാണവും ഉടൻ ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..