വെള്ളരിക്കുണ്ട്
അച്ഛന് കരൾ ദാനം ചെയ്ത മകന് ഇത്തവണ പിറന്നാൾ ലോക അവയവദാന ദിനത്തിൽ. മാലോം വള്ളിക്കടവിലെ കൊച്ചുമറ്റത്തിൽ സ്കറിയ ഐസക്കിന്റെ (ജോയൻ) മകൻ എഡിസണാണ് എറണാകുളം ലിസി ആശുപത്രിയിൽ ഡോക്ടർമാരുൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരോടൊപ്പം പിറന്നാൾ ദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്. നിർധന കുടുംബത്തിന്റെ അത്താണിയായിരുന്ന സ്കറിയയ്ക്ക് കരൾ രോഗം വന്നതോടെ ചികിത്സയ്ക്ക് വഴികാണാതായപ്പോൾ നാട് ഒരുമിച്ച് ബിരിയാണി ചലഞ്ച് നടത്തി കഴിഞ്ഞ ദിവസം 15 ലക്ഷം രൂപ സമാഹരിച്ചിരുന്നു. സ്കറിയയ്ക്ക് കരൾ ദാനം ചെയ്യാൻ പ്ലസ് വൺ വിദ്യാർഥിയായ മകൻ എഡിസൺ മുന്നോട്ട് വന്നെങ്കിലും പ്രായപൂര്‍ത്തിയായില്ല എന്നത് തടസ്സമായി. എന്നാൽ തന്റെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ എഡിസൺ ഹൈക്കോടതിയിലെത്തി.ഹൈക്കോടതിയിൽനിന്ന് പ്രത്യേക അനുമതിയും ലഭിച്ചു. എഡിസന്റെ കരൾ കഴിഞ്ഞ ആറിന് നടന്ന ശസ്ത്രക്രിയയിലൂടെ അച്ഛൻ സ്കറിയയുടെ ശരീരത്തിൽ മിടിച്ചുതുടങ്ങി. അച്ഛനും മകനും ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് എഡിസന്റെ ജന്മദിനം ലോക അവയവദാന ദിനമായ ആഗസ്ത് 13 ന് ആണെന്ന് ആശുപത്രി അധികൃതർ മനസിലാക്കിയത്. പിന്നെ പിറന്നാൾ കേക്കുമായി ഡോക്ടർമാരും ജീവനക്കാരുമെത്തി. അങ്ങനെ ആശുപത്രി മുറിയിൽ 17 –-ാം ജന്മദിനം ആഘോഷിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..