കാസർകോട്
ഹൗസ്‌ബോട്ടുകളിലെ ഉല്ലാസയാത്രയ്‌ക്കും ജല കായിക വിനോദങ്ങൾക്കും ഇനി ഇതര ജില്ലകളിലേക്ക് വണ്ടി കയറണ്ട. ജില്ലയിലെ പ്രധാന പുഴകളെ ഉൾപ്പെടുത്തി ഡിടിപിസി കൂടുതൽ ഹൗസ്‌ബോട്ടുകളും കയാക്കിങ് ഉൾപ്പെടെയുള്ള വിനോദങ്ങളും ഒരുക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിനോദസഞ്ചാര സാധ്യത വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തുടങ്ങിയ നോർത്ത് മലബാർ റിവർ ക്രൂസ് പദ്ധതിയിലാണ് പ്രവർത്തനം. ആദ്യഘട്ടമായി കാര്യങ്കോട്, മാവിലാ കടപ്പുറം, മാടക്കാൽ എന്നിവിടങ്ങളിൽ മൂന്ന് ടെർമിനൽ തുടങ്ങി. ഏറ്റവും വലിയ ടെർമിനലാണ് കാര്യങ്കോട് പുഴയിൽ കോട്ടപ്പുറത്ത് ആരംഭിച്ചത്. എട്ടുകോടി ചെലവിലാണ് വികസന പ്രവർത്തനം. ഹൗസ് ബോട്ടുകളാണ് ഇവിടത്തെ പ്രധാന ആകർഷണം. ആലപ്പുഴയിൽ നിർമിച്ച 34 ഹൗസ് ബോട്ട് ഇതിനകം ജില്ലയിലെത്തി. കയാക്കിങ്, സ്പീഡ് ബോട്ട്, കൊട്ടവഞ്ചി തുടങ്ങിയവയും ആരംഭിക്കും. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ പരിശോധനക്കുശേഷമായിരിക്കും ഇതിനുള്ള സ്ഥലം കണ്ടെത്തുക. നിലവിൽ കാര്യങ്കോട് പുഴയിൽ പാലായി ഷട്ടർ കം ബ്രിഡ്ജിന് സമീപം കയാക്കിങ് പാർക്കും തൃക്കരിപ്പൂർ ഉടുമ്പുന്തല, കവ്വായി പ്രദേശത്തെ കണ്ടൽ വനം കേന്ദ്രീകരിച്ച് കയാക്കിങും സ്പീഡ് ബോട്ടുമുണ്ട്. പുഴയോട് ചേർന്ന് ഏറുമാടം, പ്രാദേശിക ഭക്ഷണം പരിചയപ്പെടുത്തുന്ന റസ്റ്റോറന്റ്, കരകൗശല വസ്‌തുക്കൾ വിൽക്കുന്ന കട എന്നിവയും ആരംഭിക്കും. അതിന്റെ പ്രവർത്തനം പുരോഗമിക്കുന്നു.
കടൽത്തീരം കളറാകും
ജില്ലയിൽ 74 കിലോമീറ്റർ തീരദേശമാണ്. ഇതിൽ മഞ്ചേശ്വരം കണ്വതീർഥ, കാസർകോട് കസബ, ചെമ്പരിക്ക, നീലേശ്വരം അഴിത്തല ബീച്ചുകളിൽ പ്രവൃത്തി അവസാനഘട്ടത്തിൽ. ശുചിമുറി, കുട്ടികൾക്കുള്ള കളിസ്ഥലം, സെൽഫി പോയിന്റ്, തണൽ ഇരിപ്പിടം എന്നിവയാണ് നിർമിക്കുന്നത്. ബേക്കൽ റിസോർട്‌സ് ഡവലപ്‌മെന്റ് കോർപറേഷന് കീഴിലുള്ള ബേക്കൽ ബീച്ച് പാർക്ക്, കാഞ്ഞങ്ങാട് കൈറ്റ് ബീച്ച് എന്നിവിടങ്ങളിൽ നിർമാണ പ്രവൃത്തി പൂർത്തിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..