19 December Thursday

കെെയൊഴിയരുത്
കരുവാച്ചേരിയെ

സുരേഷ് മടിക്കൈUpdated: Thursday Nov 14, 2024

അടിപ്പാത നിർമിക്കേണ്ട കരുവാച്ചേരി ജങ്‌ഷനിലെ ദേശീയപാത

നീലേശ്വരം
ദേശീയപാതയിൽ കരുവാച്ചേരി ജങ്‌ഷനിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം  ശക്തം. അടിപ്പാത ഒഴിവാക്കി പ്രദേശത്തെ രണ്ടായി വെട്ടിമുറിച്ചാൽ അത്‌ ഉൾപ്രദേശങ്ങളിലേക്കുള്ള യാത്ര ദൈർഘ്യമേറിയതും ദുരിതപൂർണവുമാക്കുമെന്ന് നാട്ടുകാർ പറയുന്നു. അടിപ്പാത നിർമിച്ചില്ലെങ്കിൽ നീലേശ്വരം നഗരസഭയിലെ നിരവധി ഗ്രാമം ഒറ്റപ്പെടുന്ന സ്ഥിതിയാണ്. കരുവാച്ചേരി, കൊയാമ്പുറം, കോട്ടപ്പുറം, തുരുത്തി, ഉച്ചൂളിക്കുതിർ, ഓർച്ച തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾക്കും കോട്ടപ്പുറം ജുമാ മസ്ജിദ്, തുരുത്തി നീലമംഗലത്ത് ഭഗവതി ക്ഷേത്രം, കോട്ടപ്പുറം വൈകുണ്ഠം ക്ഷേത്രം, കൊയാമ്പുറം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള വിശ്വാസികൾക്കും കരുവാച്ചേരി ജങ്‌ഷനിൽ അടിപ്പാത ഇല്ലാതെ വന്നാൽ ഏറെ ദുരിതമനുഭവിക്കേണ്ടി വരും.
ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ കരുവാച്ചേരി കോട്ടപ്പുറം, തോടുംപുറം, കരുവാച്ചേരി കണിയാംവയൽ റോഡുകളിൽനിന്നുള്ള യാത്രക്കാർക്കും വാഹനങ്ങൾക്കും മറുപുറത്തേക്ക് പോകണമെങ്കിൽ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരും.
കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ, അഴിത്തല ബീച്ച്, പുലിമുട്ട്, തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള എളുപ്പവഴി കൂടിയാണ് കരുവാച്ചേരി ജങ്‌ഷൻ. ഇവിടെ അടിപ്പാത നിർമിച്ചില്ലെങ്കിൽ അത്‌ വിനോദസഞ്ചാര വികസനത്തെയും പ്രതികൂലമായി ബാധിക്കും. 
സഞ്ചാര സ്വാതന്ത്ര്യം ഹനിക്കരുത്‌
കരുവാച്ചേരി ജങ്‌ഷനിൽ അടിപ്പാത വേണമെന്ന്‌ ദേശീയപാത നിർമാണ പ്രവൃത്തി തുടങ്ങുന്ന കാലത്തുതന്നെ ആവശ്യപ്പെട്ടതാണ്‌. ദേശീയപാത അധികൃതരെയും കാര്യം ധരിപ്പിച്ചു. എന്നാൽ ഇത്‌ ഗൗരവത്തോടെ  പരിഗണിച്ചില്ല. വിവിധ ഗ്രാമീണ റോഡുകൾ സംഗമിക്കുന്ന ഇവിടെ അടിപ്പാത  ആവശ്യപ്പെട്ട്‌  സിപിഐ എം നീലേശ്വരം സെന്റർ ലോക്കൽ കമ്മിറ്റി അധികൃതർക്ക്  നിവേദനം നൽകിട്ടിട്ടുണ്ട്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധമുള്ള ദേശീയപാത അതോറിറ്റിയുടെ നടപടി പ്രതിഷേധാർഹമാണ്. നൂറോ, ഇരുന്നൂറോ മീറ്റർ യാത്രയിലൂടെ ദേശീയപാതയുടെ അപ്പുറവും ഇപ്പുറവും എത്താവുന്നതിന്‌  അടിപ്പാതയില്ലെങ്കിൽ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വരും.
പി വി ശൈലേഷ്ബാബു, സെക്രട്ടറി, സിപിഐ എം നീലേശ്വരം സെന്റർ 
ലോക്കൽ കമ്മിറ്റി 
ക്ഷേത്ര ചടങ്ങുകളും പ്രയാസത്തിലാവും
കരുവാച്ചേരി ജങ്‌ഷനിൽ അടിപ്പാത അത്യാവശ്യമാണ്. കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിൽ നിന്നും പള്ളിക്കര ഭഗവതി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തും ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ദീപവും തിരിയും കൊണ്ടുവരലും ഉൾപ്പെടെ അടിപ്പാതയില്ലെങ്കിൽ പ്രയാസത്തിലാവും. കിലോമീറ്ററുകൾ നടന്ന് പോകേണ്ട അവസ്ഥയുണ്ടാവും. പള്ളിക്കര വിഷ്ണുമൂർത്തി ക്ഷേത്രത്തിന്റെ പ്രശ്നം ഉയർന്ന് വന്ന സമയം മുതൽ അടിപ്പാത ആവശ്യവും ഉന്നയിച്ചിരുന്നു.  എന്നാൽ  അധികൃതർ അവഗണിച്ചു.   
എ രാജു, ജനറൽ സെക്രട്ടറി, കോട്ടപ്പുറം വൈകുണ്ഠം ക്ഷേത്രം ഭരണസമിതി 
പ്രദേശം രണ്ടായി വിഭജിക്കപ്പെടും
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന നടപടി ഒഴിവാക്കി കരുവാച്ചേരി ജങ്‌ഷനിൽ അടിപ്പാത നിർമിക്കണം. കിഴക്കും പടിഞ്ഞാറുമുള്ള പല ക്ഷേത്രങ്ങളിൽനിന്നും എഴുന്നള്ളത്ത് ഉൾപ്പെടെ റോഡ് മുറിച്ചുകടന്നാണ് പോയികൊണ്ടിരുന്നത്. അടിപ്പാതയില്ലാതെ പ്രദേശത്തെ രണ്ടായി മുറിച്ചാൽ ഇത്‌ തടസ്സപ്പെടും. ജനപ്രതിനിധികളും സംഘടനകളും നാട്ടുകാരും അടിപ്പാത വേണമെന്ന്‌ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊണ്ടില്ല.  
പി ശ്രീജ, നീലേശ്വരം നഗരസഭാ കൗൺസിലർ
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top