മഞ്ചേശ്വരം
അന്തർ സംസ്ഥാന കവർച്ച സംഘത്തിലെ പ്രധാനപ്രതി ബദിയടുക്ക പൊലീസിന്റെ പിടിയിൽ. ദക്ഷിണ കന്നഡ കൊയില വില്ലേജിലെ കളായി ഹൗസിൽ ഇബ്രാഹിം കലന്തറാണ് (24) പിടിയിലായത്. കഴിഞ്ഞ 10ന് മഞ്ചേശ്വരം പൊലീസിന്റെ നേതൃത്വത്തിൽ നടന്ന പെട്രൊളിങ്ങിനിടയിൽ കലന്തറിന്റെ സംഘത്തിൽപ്പെട്ട ഉള്ളാലിലെ ഫൈസൽ, തുംകൂറിലെ സഈദ് അമാൻ എന്നിവർ പിടിയിലായിരുന്നു.
കാറിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന കലന്തർ അടക്കമുള്ള നാലുപേർ ഓടി രക്ഷപ്പെട്ടു. നമ്പർപ്ലേറ്റ് ഇല്ലാത്ത കാറിൽനിന്നും മാരകായുധങ്ങളും, ഗ്ലാസ് കട്ടറുകളും കണ്ടെത്തിയിരുന്നു. പിന്നീട് ഒളിവിൽപോയ കലന്തറിനെ എസ്‌ഐ നിഖിലിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച ഉപ്പളയിൽനിന്നാണ് പിടികൂടിയത്. ജില്ലയിൽ കവർച്ച വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേകം സ്ക്വാഡുകളായി പരിശോധന നടക്കുന്നുണ്ട്. ബേളയിൽ അയ്യപ്പ ഭജന മന്ദിരത്തിന്റെ ഗേറ്റ് ഗ്രിൽ, ശ്രീകോവിൽ, കാണിക്ക വഞ്ചി എന്നിവയുടെ പൂട്ട് പൊളിച്ച് വെള്ളി പിത്തളയിൽ ഫ്രെയിം ചെയ്ത വിഗ്രഹവും സ്വർണത്താലിയോടുകൂടിയ വെള്ളി രുദ്രാക്ഷ മാലയും കാണിക്ക വഞ്ചിയിലെ പണവും ഉൾപ്പെടെ 5 ലക്ഷം രൂപയുടെ മുതലുകളും മോഷ്ടിച്ചിട്ടുണ്ട്. പൊയിനാച്ചി ധർമശാസ്ത ക്ഷേത്രം, വിദ്യാനഗർ ഇടനീർ ക്ഷേത്രം, കർണാടകയിലെ ബണ്ഡ്വൽ ക്ഷേത്രം, മടിക്കേരി ബാങ്ക് കവർച്ച ശ്രമം, കുശാൽ നഗറിൽ വീട് കുത്തിത്തുറന്ന് മോഷണം എന്നിങ്ങനെ സംസ്ഥാനത്തിനകത്തും കർണാടകയിലും വിവിധ സ്റ്റേഷനുകളിലായി 12 കേസ്സിൽ പ്രതിയാണ് ഇയാൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..