ചെറുവത്തൂർ
ജനകീയ നേതാവും മികച്ച സംഘാടകനുമായ കെ പി വത്സലന് നാടിന്റെ യാത്രാമൊഴി. ചെറുപ്പത്തിൽ തന്നെ സംഘടനാ പ്രവർത്തന രംഗത്തെത്തി സിപിഐ എമ്മിന്റെ ജനകീയ മുഖമായി മാറിയ നേതാവാണ് അകാലത്തിൽ വേർപിരിഞ്ഞത്.
സംഘടനാ രംഗത്തെന്ന പോലെ ഭരണ രംഗത്തും മികച്ചുനിന്ന പൊതു പ്രവർത്തക ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. സംഘടനയുടെ ചുമതലകളും കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിനിനുമിടയിൽ ശാരീരിക പ്രശ്നം ബാധിച്ച് ചികിത്സയിലായതാണ്. വെള്ളി വൈകീട്ട് നാലോടെയായിരുന്നു അന്ത്യം. സ്കൂൾ പഠനകാലത്ത് ബാലസംഘത്തിൽ സജീവമായി. പിന്നീട് എസ്എഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയായി പ്രവർത്തിച്ചു. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, സിപിഐ എം അവിഭക്ത കയ്യൂർ ലോക്കൽ കമ്മിറ്റിയംഗം, സെക്രട്ടറി എന്നീ നിലയിലും പ്രവർത്തിച്ചു. ചീമേനി ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. സെക്രട്ടറിയെന്ന നിലയിൽ മൂന്നുതവണ ചെറുവത്തൂർ ഏരിയാകമ്മിറ്റിയെ നയിച്ചു. നിലവിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം, കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോഴാണ് അകാലത്തിൽ വേർപാട്.
വെള്ളി വൈകിട്ട് ആറോടെ മൃതദേഹം വിലാപയാത്രയായി ചെറുവത്തൂർ ഏരിയാ കമ്മിറ്റി ഓഫീസായ എകെജി ഭവനിലെത്തിച്ചു. തുടർന്ന് ചീമേനി, പള്ളിപ്പാറ എന്നിവിടങ്ങളിലും പൊതുദർശനത്തിന് വച്ചു. ചെറുവത്തൂരിൽ ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണനും സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎയും ചീമേനിയിൽ സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ പുഷ്‌ചചക്രം അർപിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം മുൻ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ, സംസ്ഥാനകമ്മിറ്റി അംഗം ടി വി രാജേഷ്, എംഎൽഎമാരായ എം രാജഗോപാലൻ, ടി ഐ മധുസൂദനൻ, എം വിജിൻ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ പി ജനാർദനൻ, വി കെ രാജൻ, കെ വി കുഞ്ഞിരാമൻ, സാബു അബ്രഹാം, സി പ്രഭാകരൻ, വി വി രമേശൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ പി അപ്പുക്കുട്ടൻ, പി ബേബി, കെ കുഞ്ഞിരാമൻ, പി ആർ ചാക്കോ, ഇ കുഞ്ഞിരാമൻ, സി ജെ സജിത്, കെ മണികണ്‌ഠൻ, കെ സുധാകരൻ, എം വി ജനാർദനൻ, ഏരിയാസെക്രട്ടറിമാരായ മാധവൻ മണിയറ, കെ രാജ്‌മോഹനൻ, പി കുഞ്ഞിക്കണ്ണൻ, എം രാജൻ, എ അപ്പുക്കുട്ടൻ, മധു മുതിയക്കാൽ, ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ് ഷാലു മാത്യു, എസ്‌എഫ്‌ഐ ജില്ലാസെക്രട്ടറി കെ പ്രണവ്, ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ്, എം വി കോമൻ നമ്പ്യാർ, ടി വി ഗോവിന്ദൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി വി പ്രമീള, ടി കെ രവി, ഗിരിജാ മോഹനൻ തുടങ്ങി രാഷ്‌ട്രീയ–- കലാ–- സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.
പഞ്ചായത്തംഗത്വം എതിരില്ലാതെ
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏഴാം വാർഡായ പള്ളിപ്പാറയിൽ നിന്നും എതിരില്ലാതെയാണ് അദ്ദേഹം ജയിച്ചത്. എല്ലാ രാഷ്ട്രീയ കക്ഷിയിൽ പെടുന്നവർക്കും സ്വീകാര്യനായ മുഖമായ അദ്ദേഹം, എതിരില്ലാത്ത വിജയത്തോടെ പഞ്ചായത്ത് പ്രസിഡന്റുമായി.
സഹകരണ മേഖലയിലും കഴിവ് തെളിയിച്ച അദ്ദേഹം ചീമേനി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഹൊസ്‌ദുർഗ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
സർവകക്ഷി അനുശോചനം ഇന്ന്
ചീമേനി
കെ പി വത്സലന്റെ നിര്യാണത്തിൽ അനുശോചിച്ച് ശനിയാഴ്ച പകൽ രണ്ടിന് ചീമേനി ബാങ്ക് പരിസരത്ത് സർവകക്ഷി അനുശോചന യോഗം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..