24 December Tuesday

സേവന സജ്ജരായി നാടിൻ കാവൽക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024
കാഞ്ഞങ്ങാട്
പൊലീസിനും അഗ്നിരക്ഷാസേനയ്‌ക്കും സഹായികളായി പ്രവർത്തിക്കുന്ന ഹോംഗാർഡുമാരുടെ സേവനം വിലപ്പെട്ടത്‌. വിവിധ സേനകളിൽനിന്നും വിരമിച്ചവരുടെ സേവനം ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഹോംഗാർഡ് ഇപ്പോൾ സമൂഹത്തിലെ  പ്രധാന സേവനവിഭാഗമായി മാറി. സംസ്ഥാനത്ത്‌  മൂവായിരത്തോളം ഹോംഗാർഡുമാരുണ്ട്. ജില്ലയിൽ 100 പേരുണ്ട്. ഇതിൽ ഒരാൾ വനിതയാണ്. സംസ്ഥാനത്ത്  മുപ്പത് ശതമാനമാണ് വനിതകളുടെ പ്രാതിനിധ്യം. വാഹന ഗതാഗത നിയന്ത്രണമാണ് ഹോംഗാർഡുമാരുടെ പ്രധാന ചുമതല. വെയിലും മഴയുമേറ്റ് തിരക്കേറിയ റോഡുകളിൽ ഇവർ നടത്തുന്ന സേവനം വലുതാണ്‌. പ്രായമായവരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ സുരക്ഷിതമായി റോഡ് മുറിച്ചുകടത്താനും ഗതാഗതക്കുരുക്ക്‌ ഒഴിവാക്കി വാഹന ഗതാഗതം സുഗമമാക്കാനും ഇവർ ആത്മാർഥതയോടെ പ്രവർത്തിക്കുന്നു.    
ഓഖി ദുരന്തവും പ്രളയവുമുണ്ടായപ്പോൾ അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തിയ ഹോംഗാർഡുമാരുണ്ട്‌. തീപിടുത്തവും വാഹനാപകടങ്ങളുമുണ്ടാകുമ്പോഴും ഹേംഗാർഡുമാരുടെ സഹായം തേടാറുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ സേനകളിൽ പ്രവർത്തിച്ച കാലത്ത് നേടിയെടുത്ത കഠിന പരിശീലനം ദുരന്തസ്ഥലങ്ങളിൽ ഇവർക്ക്‌ ഏറെ പ്രയോജനപ്പെടുന്നു. പൊലീസ് സ്റ്റേഷനും അഗ്നിരക്ഷാനിലയവും കേന്ദ്രീകരിച്ചാണ്‌ ഇവരുടെ പ്രവർത്തനം. ഇതര സംസ്ഥാനക്കാർ പ്രതികളാകുന്ന കേസുകളിൽ ഭാഷാപരമായി സഹായം നൽകുന്നത് ഹോംഗാർഡുകളാണ്. 
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്  ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന  പൊലീസ് സംഘങ്ങളുമായും കേന്ദ്രസേനകളുമായും കേരള പൊലീസിന് ആശയവിനിമയം നടത്താനും ഹോംഗാർഡുമാരെ ഉപയോഗിക്കുന്നു. പൊലീസുകാരുടെ അടിസ്ഥാന ശമ്പളം ഹോംഗാർഡുമാർക്കും നൽകണമെന്ന് 2015ൽ സുപ്രിംകോടതി വിധി പ്രസ്താവിച്ചിരുന്നു. ഇത് നടപ്പായിട്ടില്ല.  63 വയസ്സുവരെയാണ്‌ ഇവർക്ക്‌ പ്രവർത്തിക്കാനാവുക. പിരിഞ്ഞുപോയാൽ ആനുകൂല്യങ്ങളില്ല.  ജീവിതച്ചെലവുകൾ വർധിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകണമെന്നാണ് ഹോംഗാർഡുമാരുടെ ആവശ്യം.  സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡും ഇൻഷൂറൻസ് പരിരക്ഷയും ഇവർക്കുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top