കാഞ്ഞങ്ങാട്
ചിത്താരി കടപ്പുറം ഉൾപ്പെടുന്ന അജാനൂർ ഭാഗത്ത് മീൻപിടിത്ത തുറമുഖം നിർമിക്കുന്ന വിഷയത്തിൽ കേന്ദ്രസംഘവുമായുള്ള ഉന്നതല യോഗം ബുധനാഴ്‌ച തിരുവനന്തപുരത്ത് നടക്കും. പദ്ധതിക്ക് പരിസ്ഥിതി അനുമതിയും കേന്ദ്രസർക്കാരിന്റെ അംഗീകാരവും ലഭിക്കുന്നതിനുള്ള ചർച്ചകൾ യോഗത്തിൽ നടക്കും. മന്ത്രി സജി ചെറിയാൻ, ഇ ചന്ദ്രശേഖരൻ എംഎൽഎ, നാഷണൽ സെന്റർ ഫോർ കോസ്‌റ്റൽ റിസർച്ചിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
തുറമുഖത്തിന്റെ എല്ലാ പഠനങ്ങളും പൂർത്തിയായി. പരിസ്ഥിതി അനുമതിക്കായുള്ള നടപടിയും പൂർത്തിയാക്കി. കേന്ദ്ര സർക്കാർ അംഗീകാരം മാത്രമാണ് ഇനി ആവശ്യം. അജാനൂർ മത്സ്യബന്ധന തുറമുഖം യാഥാർഥ്യമാക്കുന്നതിന് എല്ലാത്തരത്തിലുമുള്ള സമ്മർദ്ദവും നടത്തുമെന്ന് നിയമസഭയിൽ മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം അറിയിച്ചതാണ്.
അജാനൂർ ഭാഗത്ത് മീൻപിടുത്ത തുറമുഖം നിർമിക്കാൻ 2022 മാർച്ചിൽ 101.33 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഭാവി വികസനം കണക്കിലെടുത്ത് തുറമുഖത്തിന്റെ വിസ്‌തൃതി കൂട്ടാനും തീരുമാനിച്ചതാണ്. ഇതടക്കമുള്ള പദ്ധതി രൂപരേഖ തയ്യാറാണ്. വള്ളങ്ങൾ സുരക്ഷിതമായി കരക്കടുപ്പിക്കാൻ രണ്ട് പുലിമുട്ടോടു കൂടിയ രൂപരേഖയാണ് സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ ശുപാർശ ചെയ്തത്. ചിത്താരിപുഴയുടെ അഴിമുഖം മണൽതിട്ടകൾ രൂപം കൊണ്ട് തടസ്സപ്പെടാതിരിക്കാനും പുഴ ഗതി മാറി ഒഴുകാതിരിക്കാനും ഉതകുന്ന രീതിയിൽ മറുകരയിൽ സുരക്ഷാഭിത്തിയും പദ്ധതിയിലുണ്ട്. മൊത്തം 230 കോടി രൂപയുടെ പദ്ധതിയാണ് അന്തിമമായി വേണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..