കളനാട്
എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും കെഎസ്‌ടിഎ നേതാവുമായിരുന്ന കളനാട്ടെ വി ആര്‍ സദാനന്ദന് നാടിന്റെ അന്ത്യാഞ്ജലി. എറണാകുളം വൈപ്പിൻകര കുഴുപ്പിള്ളി സ്വദേശിയായ സദാനന്ദന്‍ 1977 –- ലാണ് അധ്യാപകനായി കാസര്‍കോട്ടെത്തിയത്. ചെമ്പിരിക്ക യുപി സ്‌കൂളിലായിരുന്നു ആദ്യ നിയമനം. കാസർകോട് ജിയുപി സ്കൂൾ, കാസർകോട് ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലും അധ്യാപകനായി. കളനാട് ന്യൂ ജിഎൽപി സ്‌കൂളില്‍നിന്നാണ് പ്രധാനധ്യാപകനായി വിരമിച്ചത്. കെഎസ്ടിഎ ജില്ലാ പ്രസിഡന്റായിരുന്നു. വിരമിച്ചശേഷം സിപിഐ എം അഭിവക്ത ചെമ്മനാട് ലോക്കല്‍ കമ്മിറ്റിയംഗവും കർഷകസംഘം കളനാട് വില്ലേജ് പ്രസിഡന്റുമായി. 1975 –- ൽ അടിയന്തരാവസ്ഥ കാലത്ത് മൂന്ന് തവണ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചു.
നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അനന്തരം, വാതായനം, ആത്മരേഖ, അക്ഷരകേളി, സാലുമരദതിമ്മക്ക, കോട്‌സ് ആന്റ് പ്രോസ് എന്നിവയാണ് പ്രധാന കൃതികള്‍.
കളനാട്ടെ വീട്ടിൽ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ, എം സുമതി, ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമൻ, പി രഘുദേവൻ, എം ഹനീഫ, ഏരിയാ സെക്രട്ടറി മധു മതിയക്കാൽ, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ, സംസ്ഥാന എക്സിക്യുട്ടീവംഗങ്ങളായ കെ ഹരിദാസ്, എൻ കെ ലസിത, ജില്ലാ സെക്രട്ടറി ടി പ്രകാശൻ, ശാസ്‌ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി കുഞ്ഞിക്കണ്ണൻ, സിഐടിയു ജില്ലാ പ്രസിഡന്റ് പി മണി മോഹനൻ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, ഐഎൻഎൽ സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീൻകുഞ്ഞി കളനാട്, ടി നാരായണൻ തുടങ്ങിയവർ അന്ത്യാഞ്ജലിയര്‍പ്പിച്ചു. സ്വദേശമായ എറണാകുളം കുഴുപ്പിള്ളിയിലേക്ക് കൊണ്ടുപോയ മൃതദേഹം ചെറുവത്തൂർ, തലശേരി, വടകര എന്നിവിടങ്ങളിൽ പൊതുദർശനത്തിനുവച്ചു. വീട്ടുവളപ്പിൽ സംസ്കരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..