22 November Friday

വീടുകളിൽ താമസം; ചെറിയ ചെലവ്‌ 
മാതൃകയാകും ഈ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024
കാസർകോട്‌
കൊടക്കാട്ട്‌ 20 മുതൽ 23 വരെ നടക്കുന്ന  കർഷക തൊഴിലാളി യൂണിയൻ 23ാം സംസ്ഥാന സമ്മേളനം, എല്ലാത്തരം ആഡംബരവും ഒഴിവാക്കി. വയനാട്‌ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ പൊതുസമ്മേളനവും അനുബന്ധ പ്രചാരണവും മാറ്റി. അതിനുള്ള ചിലവെല്ലാം വയനാടിന്റെ കണ്ണീരൊപ്പാനായി നൽകി. 
 തെരഞ്ഞെടുത്ത 512 പ്രതിനിധികൾ സമ്മേളനത്തിൽ മൂന്നുദിവസവും പങ്കെടുക്കും. ഇവർ താമസിക്കുന്നത്‌ കൊടക്കാട്ടെയും സമീപ പ്രദേശത്തെയും 260 വീടുകളിലാണ്. ഹോട്ടലുകളിൽ താമസിക്കുന്ന ചെലവ്‌ പൂർണമായും ഒഴിവാകും. സമ്മേളനത്തിന്റെ സമാപന ദിവസം എല്ലാ വീടുകളിലും പ്രതിനിധികൾ ഓർമമരം നടും. സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ 11 ന്  ജില്ലയിലെ 1453 യൂണിറ്റുകളിൽ പതാകദിനം ആചരിച്ചു. യൂണിറ്റുകളുടെയും സംഘാടക സമിതിയുടെയും നേതൃത്വത്തിൽ ലളിതവും അതേസമയം, വിപുലവുമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. 
സമ്മേളന ചെലവിലേക്കുള്ള ഫണ്ട്‌ ജില്ലയിലെ സംഘടനാ കമ്മിറ്റികളിൽ നിന്നുമാണ് ശേഖരിച്ചത്. 50, 100 എന്നിങ്ങനെ വളരെ ചെറിയ രീതിയിലുള്ള ഫണ്ടാണ്‌ സ്വീകരിച്ചത്‌. കഴിഞ്ഞ ഒമ്പതിന്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും നേതാക്കൾ ഫണ്ട്‌ ഏറ്റുവാങ്ങി. 
 
കയ്യൂർ രണസ്‌മരണ ജ്വലിക്കും 
ലോകത്തിനുതന്നെ ആവേശമായ കയ്യൂർ രണസ്‌മരണയുടെ ആവേശത്തിലാണ്‌ കെഎസ്‌കെടിയു സമ്മേളനം കൊടക്കാട്ട്‌ നടക്കുന്നത്‌. സമ്മേളന നഗരിയായ കെ കുഞ്ഞിരാമൻ നഗറിൽ ഉയർത്താനുള്ള പതാക 20 ന് രാവിലെ 7.30 ന്  കയ്യൂർ രക്തസാക്ഷികളുടെ സ്‌മൃതിമണ്ഡപത്തിൽ നിന്നും മുൻ എംപി പി കരുണാകരൻ, ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമന് കൈമാറും. അത്‌ലറ്റുകൾ റിലേയായി കയ്യൂർ, മുഴക്കോം, ചെറുവത്തൂർ വഴി സമ്മേളന നഗരിയിൽ എത്തിക്കും. രാവിലെ 9.30 ന് സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ ബാലൻ പതാകയുയർത്തും. 
വൈകിട്ട് 4.30 ന് പ്രതിനിധികൾ കയ്യൂരിൽ രക്തസാക്ഷി മണ്ഡപവും അഞ്ചിന് കയ്യൂർ രക്തസാക്ഷി സ്‌മാരകവും പുഷ്പാർച്ചനയ്‌ക്കായി സന്ദർശിക്കും. രക്തസാക്ഷി സ്മാരക ഹാളിൽ രക്തസാക്ഷി സ്‌മൃതി സംഗമവും നടക്കും. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും . പ്രതിനിധികൾക്ക് സംഘാടക സമിതി, കയ്യൂർ സമര ചരിത്രം എന്ന ഗ്രന്ഥം ഉപഹാരമായി നൽകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top