രാജപുരം
അപകടം പതിവായിട്ടും റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിലെത്തുന്ന വാഹനങ്ങളുടെ സാഹസിക യാത്രയ്‌ക്ക് അവസാനമില്ല. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധകാരണം നിരവധി ജീവൻ പൊലിഞ്ഞിട്ടും ഈ വിധത്തിലുള്ള യാത്ര ഇപ്പോഴും തുടരുന്നു. കഴിഞ്ഞ മൂന്ന് മാസമായി റാണിപുരത്തെത്തുന്ന സഞ്ചാരികളുടെ തിരക്ക് ഏറിയതോടെ അപകടവും തുടർക്കഥയായി. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. കഴിഞ്ഞ മാസം കാറിന്റെ ഡോറിൽ കയറിയിരുന്ന് വീഡിയോ ചിത്രീകരിക്കവേ അപകടത്തിൽ പെട്ട് കർണാടക സൂറത്ത്കൽ എൻഐടി വിദ്യാർഥി മരിച്ചിരുന്നു. റോഡിൽ സാഹസിക യാത്ര പതിവായതിനെ തുടർന്ന് നാട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് വിനോദ സഞ്ചാരികളെ ബോധവൽക്കരിക്കാൻ റാണിപുരം വനസംരക്ഷണ സമിതി നേതൃത്വത്തിൽ പ്രവർത്തനം നടത്തിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ഓട്ടോ ടാക്‌സി തൊഴിലാളികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, പൊതുപ്രവർത്തകർ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി യോഗവും വിളിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും സാഹസിക യാത്ര. കഴിഞ്ഞ ദിവസം റോഡിൽ സാഹസിക യാത്ര നടത്തിയ സംഘത്തെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്‌ത ഉപ്പള സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..