ഭീമനടി
ഭീമനടിയിൽ പ്രവര്‍ത്തിക്കുന്ന പരപ്പ ഗ്രാമീണ കോടതിയിൽ സ്ഥിരം മജിസ്ട്രേറ്റിനെ നിയമിക്കണമെന്ന ആവശ്യം ശക്തമായി. മലയോര ജനതയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ, ഭീമനടിയിൽ പ്രവര്‍ത്തിക്കുന്ന ഗ്രാമകോടതിയിൽ മാസത്തിൽ രണ്ടു തവണ മാത്രം സിറ്റിങ് മതിയെന്ന ഉത്തരവിറങ്ങി. നിലവിൽ എല്ലാ വ്യാഴാഴ്ചയുമായിരുന്നു സിറ്റിങ്.
കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾക്ക് സാമ്പത്തിക ബാധ്യതയും സമയനഷ്ടവും യാത്രാ ക്ലേശവും ഒഴിവാക്കി ഉടൻ നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016 ൽ ഗ്രാമീണ ന്യായാലയം തുടങ്ങുന്നത്. ജില്ലയിലെ ഏക ഗ്രാമീണ കോടതിയാണിത്. 2016 ഡിസംബർ മുതൽ 2019 മെയ് 20 വരെ സ്ഥിരം ന്യായാധിപനുണ്ടായിരുന്നു. നൂറുകണത്തിന് കേസുകൾ ഇവിടെ പരിഗണിച്ചു. കോടതിക്കാവശ്യമായ കെട്ടിടം ഭീമനടി ബസ് സ്റ്റാൻഡിൽ ഗവ. ആയുര്‍വേദ ആശുപത്രിയുടെ മുകളിൽ രണ്ട് നിലകളിലായി വെസ്റ്റ് എളേരി പഞ്ചായത്ത് നൽകി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള ചില കേസും ഗാർഹിക പീഡന നിരോധന നിയമ പ്രകാരമുള്ള കേസും സ്‌ത്രീകൾക്കും കുട്ടികൾക്കും മാതാപിതാക്കൾക്കും ചിലവിന് ലഭിക്കാനുള്ള കേസുകളുമാണ് ഇവിടെ പരിഗണിക്കുന്നത്.
പരസ്പരം ചർച്ചചെയ്ത് രമ്യതയിലാക്കാൻ ഇടനിലക്കാരുടെ സേവനം ഇവിടെയില്ലാത്തത് കക്ഷികൾക്ക് പ്രയാസം ഉണ്ടാകുന്നുണ്ട്. ഇതിനായി ഹൊസ്ദുർഗ് കോടതിയിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ്. കോടതിയിൽ ആവശ്യമായ മറ്റുജീവനക്കാർ ഇവിയുണ്ട്.
പനത്തടി, കള്ളാർ, കോടോം ബേളൂർ, കിനാനൂർ കരിന്തളം, ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ജനങ്ങൾക്കാണ് കോടതിയുടെ പ്രയോജനം ലഭിക്കുന്നത്. രാജപുരം, വെള്ളരിക്കണ്ട്, ചിറ്റാരിക്കാൽ, അമ്പലത്തറ, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കേസാണ് പരിഗണിക്കുന്നത്.
താലൂക്ക് വന്നിട്ടും മാറ്റമില്ല
വെള്ളരിക്കുണ്ട് താലൂക്ക് നിലവിൽ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയുടെ പ്രവർത്തനവും തുടങ്ങിയിട്ടില്ല. 2018 മുതൽ വിചാരണ തുടങ്ങിയ കേസുകൾ ഇന്നും ഇവിടെ തീർപ്പാകാതെ ഗ്രാമീണ കോടതിയിൽ കിടക്കുകയാണ്. പുതിയ ക്രിമിനൽ നിയമം വന്നതിനാൽ ഈ കോടതി പരിഗണിച്ച ഭൂരിഭാഗം കേസുകളും ഇനി എടുക്കാനാകാത്ത അവസ്ഥയാണുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..