ബേക്കൽ
സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമർദനത്തിനിരയാക്കിയ കേസിൽ നാലുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൂച്ചക്കാട് കീക്കാൻ ചെറിയ പള്ളിക്ക് സമീപത്തെ എ പി അബ്ദുൾ ജലീലിനെ(40) മർദിച്ച കേസിൽ ചിത്താരി വാണിയമ്പാറയിലെ എം അഷ്റഫ്, മഡിയനിലെ സഹീൽ, ചിത്താരി ചാമുണ്ഡിക്കുന്നിലെ ഇബ്രാഹിം ഖലീൽ, പടന്ന സ്വദേശി യാസർ എന്നിവരെയാണ് ബേക്കൽ ഇൻസ്പെക്ടർ കെ പി ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13ന് രാവിലെയാണ് അബ്ദുൾ ജലീലിനെ സംഘം വീട്ടിൽ നിന്നും വലിച്ചിറക്കി കാറിൽ തട്ടിക്കൊണ്ടുപോയത്. ഗൾഫിൽ നിന്നും കൊടുത്തയച്ച സ്വർണം ഉടമസ്ഥന് തിരികെ നൽകിയില്ലെന്നാരോപിച്ച് തട്ടിക്കൊണ്ടുപോയി വ്യാപാരഭവന് സമീപത്തെ റിസോർട്ടിലെത്തിച്ച ശേഷം ഇരുമ്പ് വടി കൊണ്ടും ഇലക്ട്രിക് ബാറ്റൺ കൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചു. ഒരുദിവസം മുഴുവനും ജലീൽ ക്രൂരമർദനത്തിനിരയായി. സ്വർണം തിരികെ നൽകിയില്ലെങ്കിൽ പണമോ വീടോ നൽകണമെന്നും സംഘം ആവശ്യപ്പെട്ടു.
മർദനം സഹിക്കാനാകാതെ വന്നപ്പോൾ പേരാമ്പ്രയിലെ സുഹൃത്തിൽ നിന്നും പണം വാങ്ങി നൽകാമെന്ന് ജലീൽ പറഞ്ഞു. ഇതോടെ സംഘം മജീദുമായി കാറിൽ പേരാമ്പ്രയിലെത്തി. കാറിനകത്തും മർദനം തുടർന്നു. ഇതോടെ, മജീദ് കാറിന്റെ വാതിൽ തുറന്ന് പുറത്തുചാടുകയും പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയും ചെയ്തു.
ഇതോടെ സംഘം സ്ഥലം വിട്ടു. പേരാമ്പ്ര പൊലീസ് ബേക്കൽ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ പൊലീസ് സഹായത്തോടെ മജീദിനെ നാട്ടിലെത്തിച്ചു. തുടർന്ന് നൽകിയ പരാതിയിൽ സംഘത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..