നീലേശ്വരം
ബുധനാഴ്‌ച അഴിത്തല തീരത്തുണ്ടായ ബോട്ടപകടത്തിന് കാരണമായത് കള്ളക്കടൽ പ്രതിഭാസം. കടലിൽ ഉയർന്ന നിലയിലുള്ള തിരമാല ഉണ്ടാകുമെന്നതാണിത്. അഴിത്തല തീരദേശ പൊലീസ് സ്റ്റേഷന് സമീപത്തെ അഴിമുഖത്തോടടുത്താണ് ബുധൻ പകൽ മൂന്നോടെ ഫൈബർ മീൻപിടുത്ത ബോട്ട് തിരയിൽ പെട്ട് മറിഞ്ഞത്. ഒരാൾ മരിച്ചു; ഒരാളെ കാണാതായി. ബോട്ടുടമകളിൽ ഒരാളായ മലപ്പുറം വള്ളിക്കുന്ന് അബൂബക്കർ കോയയാണ് മരിച്ചത്. കാണാതായ പരപ്പനങ്ങാടി സ്വദേശി മുനീർ എന്ന മുജീബിനുള്ള തിരച്ചിൽ തുടരുകയാണ്.
ബോട്ടിൽ ഒഡിഷ, തമിഴ്നാട് സ്വദേശികളടക്കം മൊത്തം 37 തൊഴിലാളികളാണുണ്ടായിരുന്നത്. തമിഴ്നാട് പാണ്ടിപക്കം കടലൂർ സ്വദേശികളായ പൈക്കാരി, ഗാന്ധി, രമേഷ്, എം മണിവേൽ, ഓട്ടി സ്വദേശി മരിയപ്പൻ, പൂംപുഹുർ സ്വദേശി സെന്തിൽകുമാർ, ഒഡീഷ ഭുവനേശ്വർ സ്വദേശികളായ സന്തോഷ്, ടുക്കു എന്നിവരുൾപ്പെടെ 12 മത്സ്യത്തൊഴിലാളികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം രാജഗേപാലാൻ എംഎൽഎ, ജില്ലാ കലക്ടർ കെ ഇമ്പശേഖർ, കണ്ണൂർ ഡിഐജി രാജ് പാൽ മീണ, ജില്ലാ പൊലീസ് മേധാവി ഡി ശിൽപ, സബ് കലക്ടർ പ്രതീക് ജയിൻ, എഡിഎം പി അഖിൽ തുടങ്ങിയവർ സ്ഥലത്തത്തെത്തി രക്ഷാപ്രവർത്തനം വിലയിരുത്തി. തീരദേശ പോലീസും ഫിഷറീസ് വകുപ്പും കാണാതായ മുജീബിന് വേണ്ടി തിരച്ചിൽ തുടരുകയാണ് റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സിപിഐ എം കാഞ്ഞങ്ങാട് ഏരിയാസെക്രട്ടറി കെ രാജ് മോഹൻ, ജില്ലാകമ്മിറ്റിയംഗം പി കെ നിഷാന്ത് എന്നിവരെത്തി സൗകര്യങ്ങൾ ഒരുക്കാൻ നേതൃത്വം നൽകി. അപകട സ്ഥലത്ത് നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, മത്സ്യത്തൊഴിലാളി ജില്ലാനേതാക്കളായ വി വി രമേശൻ, കാറ്റാടി കുമാരൻ, ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട് എന്നിവരുമെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..